Sunday, October 24, 2021
HomeNewsfeedഞായറാഴ്ച്ച ദുബൈ സ്റ്റേഡിയത്തില്‍ ആദ്യ മല്‍സരം; ഐപിഎല്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ഞായറാഴ്ച്ച ദുബൈ സ്റ്റേഡിയത്തില്‍ ആദ്യ മല്‍സരം; ഐപിഎല്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ദുബൈ: യുഎഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ടിക്കറ്റ് ബുക്കിങ് വ്യാഴാഴ്ച്ച തുടങ്ങി. ഞായറാഴ്ച ദുബൈ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഇതോടെ യുഎഇ ഐപിഎല്‍ ആവേശത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ കളികാണാന്‍ കഴിയാത്തതിന്റെ സങ്കടം ഇത്തവണ തീരുമെന്ന സന്തോഷത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

2014ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിന് ഗാലറികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ കാണികളെ കയറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഫൈനല്‍ ഉള്‍പെടെ 31 മത്സരമാണ് ഇനി ബാക്കിയുള്ളത്. ടൂര്‍ണമെന്റിന്റെ ആദ്യ പകുതി കഴിഞ്ഞതിനാല്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. അതിനാല്‍ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങളുടെ ദിനങ്ങളാണ്.

ദുബൈ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്‌റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഒക്‌ടോബര്‍ 17 മുതല്‍ യുഎഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിലും കാണികളെ കയറ്റാന്‍ സാധ്യതയുണ്ട്. www.iplt20.com, PlatinumList.net എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് ബുക്കിങ് നടക്കുന്നത്. രണ്ടാഴ്ച മുന്‍പ് ദുബയില്‍ നടന്ന യുഎഇ-ലബ്‌നാന്‍ ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മത്സരത്തില്‍ 60 ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നു.

യുഎഇ ജനസംഖ്യയുടെ 90 ശതമാനവും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തുകഴിഞ്ഞു. 80 ശതമാനവും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. ഇതാണ് കാണികളെ അനുവദിക്കാന്‍ ബിസിസിഐക്ക് ആത്മവിശ്വാസം പകരുന്നത്.

ഇംഗ്ലണ്ട് പര്യടനത്ത് ശേഷം നേരെ യു.എ.ഇയില്‍ എത്തിയ ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റീനിലാണ്. നാളെ മുതല്‍ അവരും പരിശീലനം തുടങ്ങും.

Most Popular