ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ആദ്യ താരറാണി വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് 54 വയസില്‍ ശ്രീദേവി വിടവാങ്ങുന്നത്. നാലാം വയസില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറിയ ശ്രീദേവി, കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ സിനിമയില്‍ നായികയായി. പിന്നീട് തമിഴിലും മലയാളത്തിലുമെത്തി.
അഞ്ച് പതിറ്റാണ്ടുകള്‍ ഭാവ സൗന്ദര്യം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന താരം നൃത്തവും അഭിനയവും കൊണ്ട് തെലുഗും കന്നഡയുമെല്ലാം കടന്ന് ബോളിവുഡിലുമെത്തി. 1978 ല്‍ സോല്‍വാസാവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡില്‍ നായികയായി അരങ്ങേറിയത്. ജിതേന്ദ്രക്കൊപ്പം അഭിനയിച്ച ഹിമ്മത് വാല ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായതോടെ ബോളിവുഡിലെ താരറാണി പദവിയിലേക്കുയര്‍ന്നു.
നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ശ്രീ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ മടങ്ങിയെത്തി. ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചെത്തിയ ശ്രീ അപ്രതീക്ഷിതമായാണ് വിടവാങ്ങിയത്.