റമദാനില്‍ 50,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ സൗദി സന്നദ്ധസംഘടന

മക്കയില്‍ ഭക്ഷണവിതരണം നടത്തുന്ന ജോയ് ഓഫ് യൂത്ത് സന്നദ്ധസംഘടനയിലെ ബാലനായ പ്രവര്‍ത്തകന്‍.

* ജോയ് ഓഫ് യൂത്ത് എന്ന സന്നദ്ധ സംഘടന വിശുദ്ധ റമദാനില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി സജീവം * അമേരിക്കയില്‍ നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയ സയീദ് അസ്ഹര്‍ എന്ന സൗദി പൗരനാണ് സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്നത്

റിയാദ്: മക്ക, മദീന, റിയാദ് ഉള്‍പ്പെടെ സൗദി അറേബ്യയിലെ പത്തു നഗരങ്ങളില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്ത് ജോയ് ഓഫ് യൂത്ത്. വിശുദ്ധ റമദാനില്‍ 50,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനാണ് സൗദി സന്നദ്ധ സംഘടന ലക്ഷ്യമിടുന്നത്.

സയീദ് അസ്ഹര്‍ എന്ന യുവാവാണ് ജോയ് ഓഫ് യൂത്തിന്റെ അമരക്കാരന്‍. 2013-ലാണ് സംഘടന ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തിയാണ് അസ്ഹര്‍. സൗദി സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ പോയാണ് അദ്ദേഹം ഉന്നതപഠനം പൂര്‍ത്തിയാക്കിയത്.
”ഉപരിപഠനത്തിന് അമേരിക്കയില്‍ പോയി പഠിക്കാന്‍ സൗദി സര്‍ക്കാര്‍ എനിക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. വിദേശത്തു പഠിക്കാനും വളരാനും എനിക്കു കഴിഞ്ഞു. പഠനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ശേഷം സര്‍ക്കാര്‍ എനിക്കു നല്‍കിയ സഹായം സമൂഹത്തിനു തിരികെ നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ജോയ് ഓഫ് യൂത്ത് എന്ന സംഘടന ആരംഭിക്കുന്നത്…” അസ്ഹര്‍ പറഞ്ഞു.

യുഎസില്‍ പഠിക്കുമ്പോഴാണ് അസ്ഹര്‍ ജോയ് ഓഫ് യൂത്തിനു തുടക്കമിടുന്നത്. 100ലധികം സ്‌പോണ്‍സര്‍മാരും 8,000 സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്നതാണ് സംഘടന. ഇതുവരെ പത്തു ലക്ഷത്തിലേറെ ആളുകളിലേക്കു സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വീടുകള്‍ പുതുക്കിപ്പണിയുന്നതിനും ആവശ്യമുള്ളവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനും സംഘടന നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.

സംഘടന പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ എല്ലാ റമദാനിലും ഇഫ്താര്‍ ഭക്ഷണം നല്‍കാറുണ്ട്. മക്ക, മദീന മേഖലകളില്‍ റമദാനിലെ എല്ലാ ദിവസവും ഭക്ഷണം എത്തിക്കുന്നു. ആഴ്ചയവസാനം വിവിധ നഗരങ്ങളിലെ നാല്‍പ്പതോളം ഇടങ്ങളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. സൗദിയിലെ പ്രമുഖ ചെയിന്‍ റെസ്‌റ്റോറന്റുകളായ അല്‍ബൈക്, ഖാഇദ് എന്നിവയുമായും ജിദ്ദ മുനിസിപ്പാലിറ്റി, മക്ക മുനിസിപ്പാലിറ്റി, സദാഫ്‌കോ, അരാംകോ, മക്‌ഡൊണാള്‍ഡ്‌സ്, യൂണിലിവര്‍, പി ആന്‍ഡ് ജി, ഹവല്‍, ആരോഗ്യ മന്ത്രാലയം, ടോയ്‌സ് ആര്‍ അസ് തുടങ്ങിയവരുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അസ്ഹര്‍ പറഞ്ഞു.