കർണ്ണാടകം: മുഖ്യമന്ത്രിസ്ഥാനം ആർക്കെന്ന് ഇന്നറിയാം

ബംഗ്ലൂരു : കർണാടകയിൽ ആരായിരിക്കും കോൺഗ്രസ് മുഖ്യമന്ത്രിയെന്ന് ഇന്ന് അറിയാം. കോൺഗ്രസ് ഹൈക്കമാന്റ് ഇന്ന് രാത്രിയോടെ തീരുമാനം അറിയിക്കുമെന്നാണ് സൂചനകൾ. സിദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നത്. ഇവരിലാരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനമെടുക്കും. അതേസമയം മുഖ്യമന്ത്രി പദം സിദ്ധരാമയ്യയ്ക്ക് ലഭിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകൾ.

അതേസമയം ‘‘ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കും. സോണിയ ഗാന്ധിയുടെയും മറ്റു പാർട്ടി നേതാക്കളുടെയും തീരുമാനത്തിൽ വിശ്വാസമുണ്ട്. ജനങ്ങൾ കോൺഗ്രസിനു ഭൂരിപക്ഷം നൽകിയിട്ടുണ്ട്. എന്റെ ജോലി ഭംഗിയായി ചെയ്തു’’ – ഡി കെ മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ബെംഗളൂരുവിൽനിന്നു ഡൽഹിയിലേക്കു തിരിക്കും. നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുത്ത എഐസിസി നിരീക്ഷകർ ഓരോ എംഎൽഎയോടും നേരിട്ടുസംസാരിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു സമർപ്പിക്കും. തുടർന്നായിരിക്കും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് അന്തിമ തീരുമാനം സ്വീകരിക്കുക.

ബുധനാഴ്ചയാകും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്.