Monday, June 21, 2021
Home News Kerala ജനങ്ങളുടെ നേരനുഭവം നല്‍കിയ വിജയമെന്ന് പിണറായി; വര്‍ഗീയത കേരളത്തില്‍ ചെലവാകില്ല

ജനങ്ങളുടെ നേരനുഭവം നല്‍കിയ വിജയമെന്ന് പിണറായി; വര്‍ഗീയത കേരളത്തില്‍ ചെലവാകില്ല

തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ നേരനുഭവത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തെക്കുറിച്ച് എന്താണ് ഇത്ര ഉറപ്പ് എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങള്‍ ജനങ്ങളെയും ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നുണ്ട് എന്നാണ് അപ്പോഴൊക്കെ നല്‍കിയ മറുപടി. അത് തീര്‍ത്തും അന്വര്‍ഥമാകുംവിധമാണ് തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നതെന്ന് പിണറായി അവകാശപ്പെട്ടു.

ഒരുപാട് പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായും എല്‍ഡിഎഫിന് ഒപ്പമുണ്ടായിരുന്നു. ആ ജനങ്ങള്‍ ഇനിയുള്ള നാളുകളിലും എല്‍ഡിഎഫിന് ഒപ്പമുണ്ട് എന്നാണ് ഈ ജനവിധിയിലൂടെ തെളിയിച്ചിരിക്കുന്നത്. നാടിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം. പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫ് വീണ്ടും വരണമെന്നും ജനങ്ങള്‍ ആഗ്രഹിച്ചത്.

മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത ഒരു വിഭാഗം കേരളത്തില്‍ ഉണ്ടാകണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു. വര്‍ഗീയ ശക്തികളുടെ സ്വഭാവം കേരളത്തിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമ്മുടെ നാട്ടിലെ വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നു. അതിനോടൊക്കെ വിട്ടുവീഴ്ച ചെയ്യാത്ത ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായി എന്നതുകൊണ്ടാണ് ഭീതിജനകമായ ഒരു വര്‍ഗീയ സംഘര്‍ഷവും കേരളത്തില്‍ ഉണ്ടാകാതിരുന്നത്.

എന്തോ കുറേ സീറ്റുകള്‍ നേടാന്‍ പോകുന്നു എന്ന ധാരണയാണ് ബിജെപി ഇവിടെ നടത്തിയത്. ഒരു പൊതു പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. ബിജെപിയുടെ അക്കൗണ്ട് ഈ തിരഞ്ഞെടുപ്പില്‍ ക്ലോസ് ചെയ്യും എന്ന് ഞങ്ങള്‍ പറഞ്ഞത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular