വനിത ദിനത്തില്‍ പുതിയ ചലച്ചിത്രവുമായി മമ്മൂട്ടിയും പാര്‍വതി തിരുവോരത്തും. നവാഗതയായ റത്തീനയുടെ സംവിധാനത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും സിന്‍-സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ് ജോര്‍ജും ചേര്‍ന്നാണ് നിര്‍മാണം.
‘വനിതാ ദിനാശംസകള്‍, ഇതാണ് ഞങ്ങളുടെ പുതിയ സിനിമ’- എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. വനിതാദിനത്തില്‍ ഒരു നവാഗത സംവിധായികയുടെ സിനിമയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. ഉയരേ എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന. മമ്മൂട്ടിയും പാര്‍വതിയും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ചില പ്രത്യേകതകള്‍ കൂടിയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിരുന്നു. തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരം ആണെന്നായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.
മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ഹര്‍ഷാദും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച സുഹാസുമാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹര്‍ഷാദിന്റേതാണ് കഥ.ഛായാഗ്രഹണം തേനി ഈശ്വര്‍. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണന്‍,പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്ന മനു ജഗദ് ആണ് പുഴുവിന്റെയും കലാസംവിധാനം. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ – ദീപു ജോസഫ്, സംഗീതം – ജേക്‌സ് ബിജോയ്, പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് – ശ്രീനാഥ്.