ലാലേട്ടനോട് ആരാധന തോന്നിയത് ആ സിനിമ കണ്ടതിനു ശേഷം: മഞ്ജു വാര്യര്‍

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. വെള്ളിത്തിരയില്‍ തെളിഞ്ഞുനില്‍ക്കുമ്പോഴാണ് താരം വിവാഹിതയാകുന്നതും അഭിനയലോകം വിടുന്നതും. വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയലോകത്തേക്കു തിരിച്ചെത്തിയ നടിക്കു വന്‍ വരവേല്‍പ്പാണ് ചലച്ചിത്രലോകം നല്‍കിയത്. പല സൂപ്പര്‍ താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍മഞ്ജു കോമ്പോ ഒന്നു വേറെ തന്നെയാണ്. പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ജോഡിയാണ് ഇവര്‍.

അഭിമുഖങ്ങളില്‍ മോഹന്‍ലാലുമായുള്ള കോമ്പിനേഷനെക്കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ആരാധികയായി മാറിയതിനെക്കുറിച്ചു പറഞ്ഞത് രസകരമായ അനുഭവമാണ്:

ഒരിക്കല്‍ പരിചയപ്പെട്ടവരുടെ മനസില്‍ ഒരിക്കലും മാഞ്ഞുപോകാത്തവിധം പതിയുന്ന ഒരു മാജിക്, ലാലേട്ടനിലുണ്ട്. വളരെ ചെറിയ വേഷമാണെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് ഏതൊരാര്‍ട്ടിസ്റ്റിന്റെയും ഭാഗ്യമാണ്. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍, സൗഹൃദത്തിലൂടെ പകര്‍ന്നുനല്‍കിയ പ്രചോദനങ്ങള്‍… ഒന്നും മറക്കാനാകില്ല.

മോഹന്‍ലാല്‍ എന്ന നടനെ ഓര്‍ക്കുമ്പോഴെല്ലാം മൂന്നു വയസുകാരിയുടെ നിഷ്‌കളങ്കതയിലേക്കു ഞാന്‍ മടങ്ങിയെത്തും. നാഗര്‍കോവിലിലെ യുവരാജ് ടാക്കീസില്‍ നിന്ന് അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന സിനിമ കണ്ട അനുഭവം ഇന്നും ഓര്‍മയിലുണ്ട്. തന്റെ ഭാര്യയുടെ ആദ്യബന്ധത്തിലുണ്ടായ കുട്ടിയെ തിരികെ കിട്ടാനായി ഭരത് ഗോപിയുടെ അടുക്കലേക്ക് ഇടയ്ക്കിടെ എത്താറുള്ള ആ കഥാപാത്രത്തെ അല്‍പ്പം ഭയത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്.

മോഹന്‍ലാല്‍ വില്ലനും നായകനുമായെത്തുന്ന നിരവധി ചിത്രങ്ങള്‍ പിന്നീട് ഞാന്‍ കണ്ടു. പക്ഷേ, ലാലേട്ടനോട് ഒരാരാധന എന്റെയുള്ളില്‍ രൂപപ്പെടുന്നത് ‘ചിത്രം’ എന്ന സിനിമ കണ്ടതോടെയാണ്. ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനം അസാധ്യമാണ്. മലയാളികളുടെ അഹങ്കാരം തന്നെയാണ് ലാലേട്ടന്‍.