ഖത്തര്‍ ലോകകപ്പ് : ഡോo ഖത്തർ സംഘടിപ്പിക്കുന്ന മെഗാ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി

ദോഹ:  ഫിഫ 2022 ലോകകപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഡയസ്പോറ ഓഫ് മലപ്പുറം (ഡോo ഖത്തർ ) സംഘടിപ്പിക്കുന്ന ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 14ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വുകൈർ  ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർത്ഥികൾ മത്സരിക്കുന്ന ഇന്റര്‍സ്‌കൂള്‍ സ്പോര്‍ട്സ് ക്വിസ്, ഇന്റര്‍സ്‌കൂള്‍ ഫുട്ബാള്‍ സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനൽ മത്സരങ്ങളുംകിക്കോഫ് 2022 മെഗാ ഫെസ്റ്റിൽ നടക്കും. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി രണ്ടു പേരടങ്ങുന്ന അന്‍പതിലേറെ ടീമുകള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കും.

ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന്‍ ക്വിസ് മത്സരത്തിന്‌ നേതൃത്വം വഹിക്കും. ക്വിസ്വി മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 3022 റിയാലും രണ്ടാം സമ്മാനമായി 2022 ഖത്തര്‍ റിയാലും മൂന്നാം സമ്മാനമായി 1022 റിയാലും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ സാക്ഷ്യപെടുത്തിയ ഗൂഗ്ള്‍ ഫോം ഉപയോഗിച്ച് ഒക്ടോബര്‍ 10ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം. ഗൂഗ്ള്‍ ഫോമുകള്‍www.facebook.com/domqatar എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. രണ്ട് അംഗങ്ങളുള്ള പരമാവധി അഞ്ച് ടീമുകള്‍ക്കാണ് ഓരോ സ്‌കൂളില്‍ നിന്നും പങ്കെടുക്കാന്‍ കഴിയുക .

ഇന്റര്‍സ്‌കൂള്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മത്സരങ്ങൾ വൈകിട്ട് മൂന്നരയ്ക്ക് ഡി പി എസ് മോണാര്‍ക്ക്ഗ്രൗണ്ടിൽ നടക്കും. ഫൈനൽ മത്സരത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ടീം  ബിര്‍ള പബ്ലിക്ക് സ്‌കൂൾ ടീമിനെ നേരിടും. ലൂസേഴ്സ് ഫൈനലില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനെയും  നേരിടും.

പരിപാടിയിൽ പങ്കെടുക്കുന്നവർക്കായുള്ള റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളാകുന്ന 30 പേർക്ക് ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ഫുട്‌ബോളുകൾ സമ്മാനമായി നൽകും.

ഖത്തറിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കോല്‍ക്കളി, ഒപ്പന, നാടന്‍പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, കഥക് ഫ്യൂഷന്‍ ഡാന്‍സ്, മൈം തുടങ്ങിയ  കലാപരിപാടികളും  അരങ്ങേറും. സമാപന സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യും. സഫാരി ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍.

കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ്  ഡോ. മോഹന്‍ തോമസ്, ഡോo ഖത്തർ പ്രസിഡണ്ട് വി  സി മശ്ഹൂദ്, ജനറൽ സെക്രട്ടറി അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍, ട്രഷറർ കേശവദാസ്, ചീഫ് കോർഡിനേറ്റർ  ഉസ്മാന്‍ കല്ലന്‍, വനിതാ വിഭാഗം പ്രസിഡന്റ് സൗമ്യ പ്രദീപ്, സഫാരി ഗ്രൂപ്പ് മാനേജർ  തമീം ഹംസ എന്നിവര്‍ പങ്കെടുത്തു