Saturday, June 19, 2021
Home Newsfeed ഖത്തറില്‍ മിനിമം വേതനനിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഖത്തറില്‍ മിനിമം വേതനനിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദോഹ: രാജ്യത്തെ തൊഴിലാളികള്‍ക്കുള്ള മിനിമം വേതനനിയമം ഇന്ന് മുതല്‍ നിലവില്‍ വരുന്നതാണ്. 2020ലെ 17-ാം നമ്പര്‍ നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്കും കമ്പനി ജീവനക്കാര്‍ക്കുമുള്ള മിനിമം വേതന നിയമം മാര്‍ച്ച് 20 മുതല്‍ നടപ്പില്‍ വരുത്തുകയെന്ന് ഖത്തര്‍ ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം (MADLSA) അറിയിച്ചു.

തൊഴില്‍ കരാര്‍ തയ്യാറാക്കുമ്പോള്‍ 1000 റിയാല്‍ മിനിമം വേതനം ഉറപ്പു വരുത്തുകയും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും താമസവും ഭക്ഷണവും നല്‍കുന്നില്ലെങ്കില്‍ അതിനു പകരം അലവന്‍സ് നല്‍കുകയും വേണമെന്ന് ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. മിനിമം താമസ അലവന്‍സ് 500 റിയാലും ഭക്ഷണത്തിനുള്ള അലവന്‍സ് 300 റിയാലുമാണ്.

കഴിഞ്ഞ സെപ്തംബറിലാണ് മിഡില്‍ ഈസ്റ്റില്‍ ആദ്യമായി മിനിമം വേതന നിയമം ഖത്തറില്‍ നടപ്പിലാക്കുന്നത്. ഖത്തര്‍ വിഷന്‍ 2030 പദ്ധതിയുടെ അടിസ്ഥാന ഘടകമാണ് വിവേചനരഹിത മിനിമം വേതനം. ഈ നിയമം നടപ്പിലാക്കുന്നതിനായി കമ്പനികള്‍ക്ക് ആറു മാസത്തെ സമയം അനുവദിച്ചിരുന്നു. തൊഴിലാളിയും ഉടമയും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തുന്നതിന് ഇതിലൂടെ കഴിയുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇതു സംബന്ധിച്ച ഏത് അന്വേഷണത്തിനും ജീവനക്കാര്‍ക്കും തൊഴിലുടമയ്ക്കും് മന്ത്രാലയത്തിന്റെ 16008 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഒന്നിലധികം ഭാഷകളിലുള്ള തൊഴിലാളികള്‍ക്കായി മന്ത്രാലയം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ വിവിധ അധികാരികളെ ഏകോപിപ്പിച്ച് മിനിമം വേതനം നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി ചട്ടങ്ങള്‍ സ്ഥാപിക്കാനും മന്ത്രാലയം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനുമായി (ഐഎല്‍ഒ) സഹകരിച്ചും ദേശീയ അന്തര്‍ദ്ദേശീയ വിദഗ്ധരുമായും വിവിധ സാമ്പത്തിക മേഖലകളില്‍ നിന്നുള്ള തൊഴിലാളികളുമായും തൊഴിലുടമകളുമായും കൂടിയാലോചിച്ചാണ് ഈ നടപടി നടപ്പാക്കുന്നത്.

 

Most Popular