ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ

തൃശൂർ :ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ.ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവർക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. വാക്സീൻ എടുത്തിട്ടില്ല. ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു.