വ്യൂ ഹോസ്പിറ്റലില്‍ നട്ടെല്ലിനുള്ള അപൂര്‍വ ശസ്ത്രക്രിയ നടത്തി ബെവര്‍ലി ഹില്‍സ് സ്‌പൈനല്‍ ന്യൂറോസര്‍ജന്‍

ദോഹ: സെഡാര്‍സ് സീനായിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഖത്തറിലെ വ്യൂ ഹോസ്പിറ്റലില്‍ നട്ടെല്ലിനുള്ള അപൂര്‍വ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ ബെവര്‍ലി ഹില്‍സില്‍ നിന്നുള്ള ലോകപ്രശസ്ത സ്‌പൈനല്‍ ന്യൂറോസര്‍ജന്‍ ഡോ. ടോഡ് ലാന്‍മാന്റെ നേതൃത്വത്തിലായിരുന്നു ലാമിനക്ടമി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ലാന്‍മാന്‍ ഉള്‍പ്പെടെ 15 പേരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഈ മേഖലയില്‍ 5000-ാളം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വൈദ്യശാസ്ത്ര വിദഗ്ധനാണ് ഡോ. ലാന്‍മാന്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം രോഗിക്കു വേദനയില്ലാതെ നടക്കാന്‍ കഴിഞ്ഞെന്നും അന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് രോഗി.

വിസിറ്റിംഗ് ഡോക്‌ടേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഖത്തറില്‍ എത്തിക്കാന്‍ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നും വ്യൂ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.