ഖത്തർ ലോകകപ്പ് : ഔദ്യോഗിക ശബ്ദട്രാക്കിൽ നിന്നുള്ള ഏറ്റവും പുതിയ സിംഗിൾ ‘ലൈറ്റ് ദി സ്കൈ’ ഫിഫ പുറത്തിറക്കി

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിലെ ഏറ്റവും പുതിയ സിംഗിൾ 2022 ഒഫീഷ്യൽ സൗണ്ട് ട്രാക്ക് പുറത്തിറങ്ങി. ‘ലൈറ്റ് ദി സ്കൈ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിൽ അറബ് ലോകത്തെ ഏറ്റവും പ്രശസ്തരായ നാല് വനിതാ ഗായികമാരായ മൊറോക്കൻ-കനേഡിയൻ സെൻസേഷൻ നോറ ഫത്തേഹി, എമിറാത്തി ഗായിക ബൽക്കീസ്, ഇറാഖി സൂപ്പർസ്റ്റാർ റഹ്മ റിയാദ്, മൊറോക്കൻ അവാർഡ് നേടിയ ഗായികയും ഗാനരചയിതാവുമായ മനാൽ ബെഞ്ച്ലിഖ എന്നിവരാണുള്ളത്.

ഗ്രാമി അവാർഡ് നേടിയ മൊറോക്കൻ-സ്വീഡിഷ് നിർമ്മാതാവും ഗായകനുമായ റെഡ് വണ്ണും തന്റെ സ്വന്തം കൊറിയോഗ്രാഫിയിൽ നൃത്തം ചെയ്യുന്ന സാഡെക്ക് വാഫും മ്യൂസിക് വീഡിയോയുടെ മാറ്റുകൂട്ടുന്നുണ്ട്. നാല് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ അൽ തുമാമ സ്റ്റേഡിയത്തിന്റെ രാത്രി കാഴ്ചകളൂം, അതിശയിപ്പിക്കുന്ന നൃത്തങ്ങളും ആകർഷകമായ സംഗീതം കലർന്ന ആവേശകരമായ ഫുട്ബോൾ അന്തരീക്ഷവും പ്രദർശിപ്പിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ ആറ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയതും മ്യൂസിക് വീഡിയോ ആഘോഷിക്കുന്നുണ്ട്.

2022 നവംബർ 20-ന് നടക്കുന്ന ടൂർണമെന്റ് കിക്കോഫിന് മുന്നോടിയായി ആഗോള ഹിറ്റായ ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ), ആർഹ്ബോ, ദ വേൾഡ് ഈസ് യുവേഴ്സ് ടു ടേക്ക് എന്നിവയ്ക്ക് ശേഷമുള്ള നാലാമത്തെ ട്രാക്കാണ് ‘ലൈറ്റ് ദി സ്കൈ’. ‘ലൈറ്റ് ദി സ്കൈ’ എന്നതിന്റെ ഔദ്യോഗിക സംഗീത വീഡിയോ ഫിഫയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ പ്രീമിയർ ചെയ്തു. ലോകമെമ്പാടുമുള്ള എല്ലാ സംഗീത സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ‘ലൈറ്റ് ദി സ്കൈ’ ഇപ്പോൾ ലഭ്യമാണ്.