Thursday, December 8, 2022
HomeGulfഖത്തർ യൂത്ത് ഫോറം ഫാൻസ് കപ്പ് : ഫാർമകെയർ എഫ്. സി. ജേതാക്കൾ

ഖത്തർ യൂത്ത് ഫോറം ഫാൻസ് കപ്പ് : ഫാർമകെയർ എഫ്. സി. ജേതാക്കൾ

ദോഹ: കാൽപന്ത് കളിയുടെ വിശ്വമേളക്ക് കാത്തിരിക്കുന്ന ഖത്തറിലെ ഫുട്‌ബോൾ ആരവങ്ങൾക്ക് ആവേശം പകർന്ന് യൂത്ത് ഫോറം സംഘടിപ്പിച്ച സ്പീഡ് ലൈൻ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ഓർബിറ്റ് എഫ്.സി. യെ 2-1 ന് പരാജയപ്പെടുത്തി ഫാർമകെയർ എഫ്. സി. കിരീടം നേടി. ഖത്തർ സി.എൻ.എ.ക്യൂ ഗ്രൗണ്ടിൽ വ്യാഴം വെള്ളി ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ വിവിധ രാജ്യങ്ങളുടെ ഫാൻസ് ടീമുകളുൾപ്പെടെ ഖത്തറിലെ പ്രമുഖരായ 32 ടീമുകളാണ് മാറ്റുരച്ചത്. വ്യാഴാഴ്ച നടന്ന പ്രാഥമിക മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയ 16 ടീമുകളാണ് വെള്ളിയാഴ്ച നടന്ന കോർട്ടർ, ഫൈനൽ മത്സരങ്ങളിൽ കളത്തിളങ്ങിയത്.

വെള്ളിയാഴ്ച വൈകിട്ട് നടന്ന ഫൈനലിൽ ആദ്യ പകുതിക്ക് ശേഷം ഫാർമകെയർ താരം സജാദിന്റെ ത്രോയിലൂടെ പിറന്ന സെൽഫ് ഗോളിലൂടെയാണ് ഫാർമകെയർ വിജയമുറപ്പിച്ചത്. കളിയിലെ മികച്ച ഗോൾകീപ്പറായി ഫാർമകെയറിന്റെ അനസിനെ തിരഞ്ഞെടുത്തു. ഓർബിറ്റ് എഫ്.സി. യുടെ കണ്ണനാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. മികച്ച കളിക്കാരനുള്ള അവാർഡിന് ഓർബിറ്റ് എഫ്.സി. യുടെ പ്രിൻസ് അർഹനായി.

സമാപന ചടങ്ങിൽ ഖത്തർ ദേശീയ ടീമിന്റെ മുൻ ഗോൾകീപ്പർ അലി ഫുആദ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ലോകകപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫാൻസ് ലീഡർ സഫീർ റഹ്‌മാൻ, ബ്രാഡ്മ ഗ്രൂപ്പ് മാനേജർ ഹമാസ് ഹാഷിം, നസീം ഹെൽത്ത്‌ കെയർ പ്രതിനിധി ഇമ്രാൻ തുടങ്ങിയവർ വിശിഷ്‌ടാതിഥികളായി പങ്കെടുത്ത് ജേതാക്കൾക്കുള്ള ട്രോഫിയും ഉപഹാരങ്ങളും വിതരണം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസ്‌ലം ഈരാറ്റുപേട്ട, അസ്‌ലം തൗഫീഖ് എം ഐ, സെക്രട്ടറിമാരായ ഹബീബ് റഹ്‌മാൻ, സുഹൈൽ, അഹ്‌മദ്, ആദിൽ, സൽമാൻ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

നവംബറിൽ ആരംഭിക്കുന്ന ലോകകപ്പിനെ സ്വാഗതം ചെയ്ത് കൊണ്ട് വ്യത്യസ്തങ്ങളായ കായിക പരിപാടികൾ വരുന്ന ആഴ്‌ചകളിലും സംഘടിപ്പിക്കുമെന്ന് ടൂർണമെന്റ് സംഘാടക സമിതി അംഗങ്ങളായ മുഫീദ് ഹനീഫ , മുഅ്മിൻ ഫാറൂഖ് , ഷഫീഖ് അലി, ഷഹനാസ് വി കെ തുടങ്ങിയവർ അറിയിച്ചു. ടൂർണമെന്റിൽ ഭാഗമായ മുഴുവൻ സ്പോൺസർമാർക്കും കളി വീക്ഷിക്കാൻ എത്തിച്ചേർ കായിക പ്രേമികൾക്കും സംഘാടക സമിതി നന്ദി അറിയിച്ചു. യൂത്ത് ഫോറം ഖത്തറിൽ പ്രവർത്തനമാരംഭിച്ച് പത്ത് വർഷങ്ങൾ പൂർത്തിയാവുന്ന വേളയിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഫാൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ്.

Most Popular