ദോഹ: ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ജൂലൈ ആറിന് സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സമ്മര്‍ സീസണില്‍ ദിവസവും സര്‍വീസ് നടത്താനാണു തീരുമാനം. 254 സീറ്റുകളുള്ള ബോയിംഗ് 787-8 വിമാനമാണ് സര്‍വീസ് നടത്തുക. 22 ബിസിനസ് ക്ലാസും 232 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ലഭ്യമാകുക.
ജൂലൈ ഒമ്പതിന് സില്‍വര്‍സ്‌റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഐതിഹാസികമായ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ സമയത്താണ് ബര്‍മിംഗ്ഹാമിലേക്കുള്ള വിമാനം പുനരാരംഭിക്കുന്നത്. ഫോര്‍മുല 1 ന്റെ ആഗോള പങ്കാളിയും ഔദ്യോഗിക എയര്‍ലൈനുമായ ഖത്തര്‍ എയര്‍വേയ്‌സിന് ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സുമായി ബന്ധപ്പെട്ട് ആകര്‍ഷകമായ യാത്രാ പാക്കേജുകള്‍ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വേയ്‌സ് യൂറോപിലേക്കുള്ള യാത്രികര്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അല്‍ ബേക്കര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് QR33 08:05 ന് പുറപ്പെടും. വിമാനം 13:15 ന് ബര്‍മിംഗ്ഹാമില്‍ എത്തിച്ചേരും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍, QR35 ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 02:20ന് പുറപ്പെടും. 07:30ന് ബര്‍മിംഗ്ഹാമില്‍ എത്തിച്ചേരും.
തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ QR34 14:45 ന് ബര്‍മിംഗ്ഹാമില്‍ നിന്ന് പുറപ്പെട്ട് 23:40 ന് ദോഹയില്‍ എത്തിച്ചേരും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍, QR36 ബര്‍മിംഗ്ഹാമില്‍ നിന്ന് 09:00 ന് പുറപ്പെടും, ദോഹയില്‍ 17:55 ന് എത്തിച്ചേരും.