പെരുന്നാള്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്ത് ഖത്തര്‍

ദോഹ: സൊമാലിയ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ അനാഥര്‍ക്ക് ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു പുതുവസ്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. ഖത്തര്‍ ചാരിറ്റിയാണ് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ മറ്റു രാജ്യങ്ങളിലെ കുട്ടികള്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഈദുല്‍ ഫിത്തറിന്റെ സന്തോഷം കുട്ടികളില്‍ എത്തിക്കാനും അവരുടെ കുടുംബത്തിന്റെ ഭാരം കുറയ്ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 7,065-ലധികം അനാഥര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഖത്തര്‍ ചാരിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 1.4 മില്യണ്‍ റിയാലിലധികം വിലമതിക്കുന്ന ഈദ് വസ്ത്രങ്ങളാണ് വിതരണം ചെയ്യുക.

വിശുദ്ധ റമദാനിലെ അവശേഷിക്കുന്ന നാളുകളില്‍ വസ്ത്ര വിതരണത്തില്‍ പങ്കാളികളാകാന്‍ ഖത്തറിലെ സേവന തത്പരരായ ആളുകളോട് ഖത്തര്‍ ചാരിറ്റി അഭ്യര്‍ഥിച്ചു.