സഞ്ചാരികള്‍ക്ക് ഈദ്യ സമ്മാനപദ്ധതിയുമായി ഖത്തര്‍

ദോഹ: ഈദുല്‍ ഫിത്തറോടനുബന്ധിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബു-സംര അതിര്‍ത്തിയിലും എത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ പ്രത്യേക ‘ഈദ്യ’ സമ്മാന പാക്കേജുമായി ഖത്തര്‍ ടൂറിസം. സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാനുമാണു പദ്ധതി ലക്ഷ്യമിടുന്നത്.

കുട്ടികള്‍ക്കുള്ള ആക്റ്റിവിറ്റി കിറ്റ്, സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങള്‍, വിനോദസഞ്ചാരമേഖലയെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന മാപ്പ്, ഊറിഡൂ സിം കാര്‍ഡ്, ഖത്തറിലെ ജനപ്രിയ ബ്രാന്‍ഡുകളും വിനോദകേന്ദ്രങ്ങളും നല്‍കുന്ന ഓഫറുകള്‍ ഉള്‍ക്കൊള്ളിച്ച ബുക്ക്‌ലെറ്റ് തുടങ്ങിയവ ഈദ്യ പാക്കേജില്‍ ഉള്‍പ്പെടുന്നു.

സഞ്ചാരികള്‍ക്കു മികച്ച യാത്രാനുഭവം നല്‍കുകയും ലോക വിനോദസഞ്ചാരഭൂപടത്തില്‍ രാജ്യത്തെ ഉയര്‍ന്ന സ്ഥാനത്തെത്തിക്കുകയുമാണ് ഖത്തറിന്റെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വിഭാഗം മേധാവി ഹമദ് അല്‍ ഖാജ പറഞ്ഞു. ഈദുല്‍ ഫിത്തര്‍ വേളയില്‍ രാജ്യത്തെ തങ്ങളുടെ അവധിക്കാലകേന്ദ്രമായി തെരഞ്ഞെടുത്തതിന് സന്ദര്‍ശകര്‍ക്ക് നന്ദി പറയുന്നതിനായി ഖത്തര്‍ ടൂറിസവും അതിന്റെ പങ്കാളികളും സമ്മാനിക്കുന്നതാണ് ഈദ്യ പാക്കേജ്. ഇതു രാജ്യത്തിന്റെ നന്ദിയുടെ ഭാഗമാണ്. ഇതു സഞ്ചാരികളുടെ ഖത്തറിലെ താമസം കൂടുതല്‍ അവിസ്മരണീയമാക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.