നാഷണല്‍ ഇന്നൊവേഷന്‍ ഒളിമ്പ്യാഡ്: രണ്ടാംഘട്ടത്തിനു തുടക്കമായി

ദോഹ: നാഷണല്‍ ഇന്നൊവേഷന്‍ ഒളിമ്പ്യാഡിന്റെ (NIO 2023) രണ്ടാംഘട്ടത്തിനു തുടക്കമായി. മാത്തമാറ്റിക്‌സ്, സയന്‍സ്, എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലാണ് രണ്ടാംഘട്ടം ഊന്നല്‍ നല്‍കുന്നത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജ് ഓഫ് എന്‍ജിനീയറിങ്, ഖത്തറിലെ ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി, സയന്‍സ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് നാഷണല്‍ ഇന്നൊവേഷന്‍ ഒളിമ്പ്യാഡ് നടക്കുന്നത്.

സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, ആര്‍ട്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ സംയോജിതമായി പഠിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സാങ്കേതികവിദ്യയും വിദ്യാഭ്യാസ പ്രക്രിയയില്‍ അവതരിപ്പിക്കാനും വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമാണ് ഒളിമ്പ്യാഡ് ലക്ഷ്യമിടുന്നത്.

പ്രൈമറി (ആറാം ക്ലാസ്), സെക്കന്‍ഡറി സ്‌റ്റേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒളിമ്പ്യാഡില്‍ പങ്കെടുക്കാം. മാത്തമാറ്റിക്‌സ്, സയന്‍സ്, എന്‍ജിനീയറിങ് മേഖലകളില്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

എനര്‍ജി, റോബോട്‌സ്, സ്മാര്‍ട്ട് ഡിവൈസസ്, സോഫ്റ്റ്‌വെയര്‍ എന്നീ വിഭാഗങ്ങളിലായിരിക്കണം പ്രോജക്ടുകള്‍. അവസാനഘട്ടത്തില്‍ മത്സരിക്കുന്നതിനായി 200 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് 45 ടീമുകളെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ ആദ്യഘട്ടം ജനുവരി പകുതിയോടെയാണു സമാപിച്ചത്.

ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരാണ് വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ വിലയിരുത്തുന്നത്.