എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ സ്ത്രീയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ആരോപണ വിധേയനായ മുംബൈ സ്വദേശി ശങ്കർ മിശ്ര ബെംഗളൂരുവിൽ വച്ച് അറസ്‌റ്റിലായി. പ്രതിയായ ശങ്കർ മിശ്ര ബംഗളൂരുവിലെ ഹോം സ്‌റ്റേയിൽ കഴിയുന്നതിനിടെയാണ് പിടിയിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്‌ച രാത്രി വരെ ഡൽഹി പോലീസ് സംഘം ഇയാളുടെ ലൊക്കേഷൻ പരിശോധിച്ച് വരികയായിരുന്നു.
അറസ്‌റ്റിൽ നിന്ന് രക്ഷപ്പെടാനായി പ്രതി ഇടയ്ക്കിടെ സ്ഥലം മാറുകയായിരുന്നു. എന്നാൽ മുംബൈയിലും ബെംഗളൂരുവിലും മിശ്രയ്ക്ക് ഓഫീസുകൾ ഉള്ളതിനാൽ നഗരങ്ങളിൽ ഡൽഹി പോലീസ് റെയ്‌ഡ് നടത്തുകയായിരുന്നു. അന്വേഷത്തിൽ സഹകരിക്കാൻ തയ്യാറാവാത്ത ശങ്കർ മിശ്രയ്‌ക്കെതിരെ നേരത്തെ ഡൽഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വച്ച് മദ്യലഹരിയില്‍ 70 വയസുകാരിയായ സഹയാത്രികയുടെ മൂത്രമൊഴിച്ചെന്നാണ് ശങ്കര്‍ മിശ്രയ്ക്ക് എതിരെയുള്ള ആരോപണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 (പൊതുസ്ഥലത്ത് വെച്ച് അശ്ലീലമായ പെരുമാറ്റം), സെക്ഷൻ 354 (സ്ത്രീകൾക്ക് എതിരായ അതിക്രമം), സെക്ഷൻ 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി) സെക്ഷൻ 510 (മദ്യപിച്ച വ്യക്തിയുടെ പൊതുസ്ഥലത്ത് മോശം പെരുമാറ്റം) എന്നിവ കൂടാതെ എയർക്രാഫ്റ്റ് നിയമങ്ങൾ പ്രകാരവുമാണ് ഇയാൾക്ക് എതിരെ കേസെടുത്തത്.
യുഎസ് സാമ്പത്തിക സേവന കമ്പനിയായ വെൽസ് ഫാർഗോയിൽ ജോലി ചെയ്‌തിരുന്ന മിശ്രയെ സംഭവം പുറത്തറിഞ്ഞതോടെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വെൽസ് ഫാർഗോയുടെ ഇന്ത്യാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു മിശ്ര.
അതേസമയം സംഭവത്തിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അവർ സംഭവം കൈകാര്യം ചെയ്‌ത രീതി പ്രൊഫഷണൽ അല്ലെന്ന് ഡിജിസിഎ നൽകിയ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.