റമദാനില്‍ സൂഖ് വാഖിഫ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സന്ദര്‍ശകരെ വരവേല്‍ക്കാന്‍ വര്‍ണദീപങ്ങളാല്‍ അലങ്കരിച്ച സൂഖ് വാഖിഫ്.

വൈകുന്നേരമാകുമ്പോഴേക്കും രുചികരമായ ഭക്ഷണവസ്തുക്കളുടെ സുഗന്ധം അവിടെയെല്ലാം നിറയും. വിവിധയിനം ഈത്തപ്പഴങ്ങള്‍, സമൂസകള്‍, ഖത്തായിഫ് തുടങ്ങിയ പരമ്പരാഗത റമദാന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന നിരവധി ഭക്ഷണ സ്റ്റാളുകള്‍ സൂഖ് വാഖിഫിലുണ്ട്

ദോഹ: ദോഹയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സൂഖ് വാഖിഫ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വിശുദ്ധ റമദാന്‍ പ്രമാണിച്ച് വിശ്വാസികള്‍ക്കാവശ്യമുള്ളതെല്ലാം സൂഖ് വാഖിഫില്‍ ഒരുക്കിയിട്ടുണ്ട്.

വിവിധ വിഭവങ്ങള്‍ കൊണ്ടു സമ്പന്നമായ സൂഖ് വാഖിഫിലെ പരമ്പരാഗത വിപണി സന്ദര്‍ശിക്കാനാണ് ആളുകള്‍ കൂടുതലായും എത്തുന്നത്. റമദാനില്‍ ആവശ്യമായ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുമെന്ന പ്രത്യേകതയും അവിടെയുണ്ട്.

സൂഖ് വാഖിഫിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് മാര്‍ക്കറ്റിലെ നിരവധി സ്റ്റാളുകളും കെട്ടിടങ്ങളും അലങ്കരിക്കുന്ന ശോഭയുള്ള അലങ്കാരങ്ങള്‍. വര്‍ണാഭമായ വിളക്കുകള്‍, ലൈറ്റുകള്‍, അറബിക് കാലിഗ്രാഫിയുടെ സങ്കീര്‍ണമായ പാറ്റേണുകള്‍ എന്നിവ സംയോജിപ്പിച്ച് ആരെയും അതിശയിപ്പിക്കുന്ന കാഴചകളാണ് സൂഖ് വാഖിഫില്‍ ഒരുക്കിയിട്ടുള്ളത്.

വൈകുന്നേരമാകുമ്പോഴേക്കും രുചികരമായ ഭക്ഷണവസ്തുക്കളുടെ സുഗന്ധം അവിടെയെല്ലാം നിറയും. വിവിധയിനം ഈത്തപ്പഴങ്ങള്‍, സമൂസകള്‍, ഖത്തായിഫ് തുടങ്ങിയ പരമ്പരാഗത റമദാന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന നിരവധി ഭക്ഷണ സ്റ്റാളുകള്‍ അവിടെയുണ്ട്.