Sunday, January 23, 2022
HomeNewsfeedവീന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; എട്ട് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

വീന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; എട്ട് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

ദുബൈ: ഐസിസി ടി20 ലോക കപ്പില്‍(ICC T20 WORLD CUP) നിലവിലെ ചാപ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. എട്ടു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ വീഴ്ത്തിയത്(WEST INDIES VS SOUTH AFRICA). മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 ല്‍ ഒതുങ്ങി. ക്ഷമയോടെ ക്രീസില്‍നിന്ന ദക്ഷിണാഫ്രിക്ക 10 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡികോക്ക് ടീമിന്റെ നയമനുസരിച്ച് മത്സരത്തിനു മുന്‍പു മുട്ടുകുത്തി കറുത്ത വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തയാറാകാതിരുന്നത് വിവാദമായി. ഇതേത്തുടര്‍ന്ന് താരം ഇന്നു കളിച്ചില്ല. ഭാവി നടപടികള്‍ ടീം മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൈക്കൊള്ളുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

അര്‍ധസെഞ്ചുറിയുമായി തിളങ്ങി എയ്ഡന്‍ മര്‍ക്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 26 പന്തുകള്‍ നേരിട്ട മര്‍ക്രം രണ്ടു ഫോറും നാലു സിക്‌സും സഹിതം 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ റാസി വാന്‍ഡര്‍ ദസ്സനൊപ്പം 83 റണ്‍സ് കൂട്ടുകെട്ട് തീര്‍ക്കാനും മര്‍ക്രത്തിനായി. വാന്‍ഡര്‍ ദസ്സന്‍ 51 പന്തില്‍ മൂന്നു ഫോറുകളോടെ 43 റണ്‍സുമായി പുറത്താകാതെ നിന്നു.

30 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സും ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായി. വിന്‍ഡീസിനായി അകീല്‍ ഹുസൈന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

നിരാശപ്പെടുത്തി വിന്‍ഡീസ്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ്, ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. ലൂയിസ് 35 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 56 റണ്‍സെടുത്ത് പുറത്തായി. സൂപ്പര്‍ 12 ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയോടും വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനോടും തോറ്റിരുന്നു.

ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തെങ്കിലും, ലൂയിസിന്റെ ഓപ്പണിങ് പങ്കാളി ലെന്‍ഡ്ല്‍ സിമ്മണ്‍സിന്റെ തട്ടിമുട്ടി റെക്കോഡിട്ടു. 35 പന്തുകള്‍ നേരിട്ട സിമ്മണ്‍സിന് ആകെ നേടാനായത് 16 റണ്‍സ് മാത്രം. ഒരു ബൗണ്ടറി പോലും കണ്ടെത്താനുമായില്ല. ഇതോടെ, ട്വന്റി20 ലോകകപ്പില്‍ ഒരു ബൗണ്ടറി പോലുമില്ലാതെ കൂടുതല്‍ പന്തുകള്‍ നേരിടുന്ന താരങ്ങളുടെ കൂട്ടത്തിലായി സിമ്മണ്‍സിന്റെ സ്ഥാനം.

നിക്കോളാസ് പുരാന്‍ (ഏഴു പന്തില്‍ 12), ക്രിസ് ഗെയ്ല്‍ (12 പന്തില്‍ 12), ആന്ദ്രെ റസ്സല്‍ (നാലു പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ കയ്‌റന്‍ പൊള്ളാര്‍ഡ് (20 പന്തില്‍ 26), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (രണ്ടു പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഡ്വെയിന്‍ ബ്രാവോ അഞ്ച് പന്തില്‍ എട്ടു റണ്‍സോടെ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഡ്വെയിന്‍ പ്രിട്ടോറിയസ്, നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത കേശവ് മഹാരാജ് എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി.
ALSO WATCH

Most Popular