Sunday, January 23, 2022
HomeNewsfeedവെസ്റ്റ് ഇന്‍ഡീസ് 143ല്‍ ഒതുങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

വെസ്റ്റ് ഇന്‍ഡീസ് 143ല്‍ ഒതുങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

ദുബൈ: ട്വന്റി 20 ലോകകപ്പ്(ICC T20 world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക്(west indies vs south africa) 144 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സില്‍ ഒതുങ്ങി. ഏറ്റവും ഒടുവില്‍ ലഭിച്ച റിപോര്‍ട്ട് പ്രകാരം ദക്ഷിണാഫ്രിക്ക എട്ട് ഓവറില്‍ 1 വിക്കറ്റിന് 55 എന്ന നിലയിലാണ്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബാവുമ റണ്‍ഔട്ടായെങ്കിലും പിന്നീട് ടീം കളിയിലേക്ക് തിരിച്ചുവന്നു.

അര്‍ധസെഞ്ചുറി നേടിയ എവിന്‍ ലൂയിസിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാനായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി നല്ല തുടക്കമാണ് ഓപ്പണറായ എവിന്‍ ലൂയിസ് നല്‍കിയത്. ലെന്‍ഡി സിമ്മണ്‍സിനെ കൂട്ടുപിടിച്ച് ലൂയിസ് ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സ്പിന്നര്‍ കേശവ് മഹാരാജ് ഈ കൂട്ടുകെട്ട് ഭേദിച്ച് വിന്‍ഡീസിന് തിരിച്ചടി നല്‍കി. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന എവിന്‍ ലൂയിസിനെ കേശവ് മഹാരാജ് കാഗിസോ റബാദെയുടെ കൈയിലെത്തിച്ചു. 35 പന്തില്‍ മൂന്നു ഫോറിന്റേയും ആറു സിക്‌സിന്റേയും സഹായത്തോടെ ലൂയിസ് അടിച്ചെടുത്തത് 56 റണ്‍സാണ്.

പിന്നാലെ വന്ന നിക്കോളാസ് പൂരാന്‍ ഈ മത്സരത്തിലും പരാജയമായി. ഏഴു പന്തില്‍ 12 റണ്‍സെടുത്ത നിക്കോളാസ് പൂരാനെയും കേശവ് മഹാരാജ് പുറത്താക്കി. പൂരാന്‍ മടങ്ങിയ ശേഷം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സിമ്മണ്‍സും പുറത്തായി. 35 പന്തുകളില്‍ നിന്ന് വെറും 16 റണ്‍സ് മാത്രമാണ് താരത്തിന് നേടായായത്. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് 89 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊന്നിച്ച നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും ക്രിസ് ഗെയ്ലും ചേര്‍ന്ന് വിന്‍ഡീസിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ ,ടീം സ്‌കോര്‍ 121-ല്‍ നില്‍ക്കേ ബൗളിങ്ങില്‍ നിര്‍ണായക മാറ്റം കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവുമയുടെ തന്ത്രം ഫലിച്ചു. പ്രിട്ടോറിയസ് ആദ്യ പന്തില്‍ തന്നെ ക്രിസ് ഗെയ്ലിനെ മടക്കി വിന്‍ഡീസിന്റെ നാലാം വിക്കറ്റെടുത്തു.

12 റണ്‍സെടുത്ത ഗെയ്ല്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി മടങ്ങി. ഗെയ്ലിന് പകരം അപകടകാരിയായ ആന്ദ്രെ റസ്സല്‍ ക്രീസിലെത്തി. എന്നാല്‍ റസ്സലിന് പിടിച്ചുനില്‍ക്കാനായില്ല. വെറും അഞ്ചുറണ്‍സ് മാത്രമെടുത്ത താരത്തെ ഹെന്റിച്ച് നോര്‍ക്യെ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നാലെ വന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ ഡേവിഡ് മില്ലര്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. ഇതോടെ ആറുവിക്കറ്റ് നഷ്ടപ്പെട്ട് വിന്‍ഡീസ് അപകടം മണത്തു.

അവസാന ഓവറില്‍ നന്നായി കളിച്ച പൊള്ളാര്‍ഡിനെ മടക്കി പ്രിട്ടോറിയസ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. 20 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ വാന്‍ ഡെര്‍ ഡ്യൂസ്സന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹെയ്ഡന്‍ വാല്‍ഷിനെയും മടക്കി പ്രിട്ടോറിയസ് വിന്‍ഡീസിനെ തകര്‍ത്തു. ഡ്വെയ്ന്‍ ബ്രാവോയാണ് ടീം സ്‌കോര്‍ 144 റണ്‍സിലെത്തിച്ചത്. ബ്രാവോ എട്ടുറണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്നുവിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ എന്നിവര്‍ ഒരോ വിക്കറ്റ് നേടി.
ALSO WATCH

 

Most Popular