നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ നടന്‍ മമ്മൂട്ടി. അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സിനിമയില്‍ നിന്ന് വിലക്കിയ നിര്‍മാതാക്കളുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചിത്രമായ റോഷാക്കിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മമ്മൂട്ടി പ്രതികരണം നടത്തിയത്.
അവതാരകയോട് അഭിമുഖത്തിനിടെ മോശമായി സംസാരിച്ചതിന് എതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു.
നിലവില്‍ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീര്‍ക്കാന്‍ അനുവദിക്കും. അതിനു ശേഷം സിനിമകളില്‍ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. കരാറില്‍ നിന്നും കൂടുതല്‍ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നല്‍കും എന്നീ തീരുമാനങ്ങളായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചത്.