വർഷങ്ങൾക്ക് മുൻപേ ഇന്ത്യയിൽ നിന്നും കടത്തികൊണ്ടുപോയ ദേവി വിഗ്രഹം തിരികെയെത്തുന്നു; കണ്ടെടുത്തത് ലണ്ടനില്‍ നിന്ന്

ലണ്ടണ്‍: വർഷങ്ങൾക്ക് മുൻപേ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് കടത്തിയ ദേവി വിഗ്രഹം തിരികെയെത്തുന്നു. പത്തുവർഷം മുൻപ് ലണ്ടനിലേക്ക് കടത്തിയ ആടിന്റെ തലയുള്ള വിഗ്രഹമാണ് തിരികെയെത്തിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ പൈതൃക സ്വത്തുക്കളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന ഇന്ത്യ പ്രൈഡ് പ്രൊജക്‌ട് അംഗങ്ങളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ വില്‍ക്കുന്നതിനായി അഭിഭാഷകനായ ക്രിസ്റ്റഫര്‍ മാരിനെല്ലോയെ ഒരു സ്ത്രീ സമീപിച്ചിരുന്നു. വ്യത്യസ്തമായ തോന്നിയ പ്രതിമ അയാള്‍ വാങ്ങിച്ച ശേഷം അത് ലേലത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചു. ഇതിന് വിലയിടുകയും ചെയ്തിരുന്നു. 1.4 മില്യണായിരുന്നു വിഗ്രഹത്തിന്റെ അടിസ്ഥാന വില.
എന്നാല്‍ സംശയം തോന്നിയ അഭിഭാഷകന്‍ വിഗ്രഹത്തിന്റെ ഉറവിടം അന്വേഷിച്ചുപോയി. ഇന്ത്യ പ്രൈഡ് പ്രൊജക്ടിനെ സമീപിച്ചതോടെയാണ് വിഗ്രഹത്തിന് ഭാരതവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ വിഗ്രഹത്തെ ലേലത്തില്‍ വില്‍ക്കുന്ന സാധനങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റുകയായിരുന്നു. വിഗ്രഹം ഇന്ത്യക്ക് തിരികെ നല്‍കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.