റമദാനില്‍ ആട്ടിറച്ചിയുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം
ദോഹ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് ആട്ടിറച്ചിക്ക് സബ്‌സിഡി നല്‍കുമെന്ന് ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍. റമദാനില്‍ ആട്ടിറച്ചിയുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും റമദാനില്‍ ആട്ടിറച്ചി വിലയില്‍ സബ്‌സിഡി നല്‍കുന്നതിനുമുള്ള സംയുക്ത ദേശീയ സംരംഭത്തിന്റെ ഭാഗമായി അറവുശാലകള്‍ ഏകോപിപ്പിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന ആടുകളെ വാങ്ങാന്‍ തിരക്കേറിവരികയാണ്. മുനിസിപ്പാലിറ്റി മന്ത്രാലയവും വിദം ഫുഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി പ്രാവര്‍ത്തിമാക്കുന്നത്.
റമദാനില്‍ പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ ആട്ടിറച്ചിയുടെ ലഭ്യതയും വിപണിവിലയില്‍ സ്ഥിരതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറഞ്ഞത് 35 കി.ഗ്രാം തൂക്കമുള്ള ഇറക്കുമതി ചെയ്ത ആടുകള്‍ക്ക് 800 ഖത്തര്‍ റിയാല്‍ ആണു വില.
ഏകദേശം 11,348 ആടുകളാണ് ഇതിലൂടെ വില്‍പ്പന നടത്തിയത്. അതില്‍ 2,313 എണ്ണം അല്‍വക്ര അറവുശാലയിലും 1,851 സലാല്‍ അറവുശാലയിലും 1,780 അല്‍ഷഹാനിയ അറവുശാലയിലും 754 അല്‍ഖോര്‍ അറവുശാലയിലും 494 നോര്‍ത്ത് അറവുശാലയിലും വിറ്റഴിച്ചു. വിദം കമ്പനിയുടെ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ മുഖേന വിറ്റഴിച്ച 4,156 ആടുകള്‍ക്കു പുറമെയാണിത്.
ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ നിര്‍ദേശങ്ങളും പരാതിയും 16001 എന്ന നമ്പറിലൂടെ അറിയിക്കാമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.