താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കര്‍ണാടകയില്‍ കണ്ടെത്തി

കോഴിക്കോട്: താമരശേരിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കര്‍ണാടകയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താമരശേരി പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്നു പത്തു ദിവസത്തിനു ശേഷമാണ് ഷാഫിയെ കണ്ടെത്തുന്നത്.

ഏപ്രില്‍ ഏഴിനു രാത്രിയാണ് പരപ്പന്‍പൊയിലിലെ വീട്ടില്‍ നിന്ന് ഷാഫിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോകുന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. കുറച്ചു ദൂരം പിന്നിട്ട ശേഷം ഭാര്യയെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ ഷാഫിയുമായി കടന്നുകളയുകയായിരുന്നു.

വയനാട്ടിലേക്കാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, ഷാഫിയുടെ മൊബൈല്‍ ഫോണ്‍ കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം കണ്ടെത്തിയത് അന്വേഷണ സംഘത്തെ വീണ്ടും കുഴപ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷാഫി കര്‍ണാടകത്തിലുണ്ടെന്ന് പോലീസ് മനസിലാക്കിയത്. ഷാഫിയെ തട്ടിക്കൊണ്ടുപോയ കാര്‍ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നിന്നു കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നാലു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാസര്‍കോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്മാന്‍, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.