ചിത്രീകരണത്തിനിടെ ഒരു പുലി തന്ന പണിയെക്കുറിച്ചു ഓര്‍മിക്കുകയാണ് നടന്‍ ബിജു മേനോന്‍. മരുഭൂമിയിലെ ആന എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് പുലി പുലിവാലു പിടിപ്പിച്ചത്. വി.കെ. പ്രകാശ് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ അറബിയുടെ വേഷമായിരുന്നു ബിജു കൈകാര്യം ചെയ്തത്. ആ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ജനപ്രിയ ചിത്രം കൂടിയായിരുന്നു മരുഭൂമിയിലെ ആന.
ചിത്രത്തില്‍ ബിജു മേനോന്‍ പുലിയോടൊപ്പമുള്ള ചില സീനുകളുണ്ട്. ബിജുവിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ തന്നെ പുലിയുമായി ആഡംബര ജീപ്പില്‍ വന്നിറങ്ങുന്നതാണ്. മലയാള സിനിമ അതുവരെ കാണാത്ത അവതരണ സീന്‍ കൂടിയായിരുന്നു അത്.
ദോഹയിലെ ഷെയ്ഖ് വളര്‍ത്തുന്ന പുലിക്കുട്ടിയെയാണ് ചിത്രീകരണത്തിനായി തങ്ങള്‍ക്കു കിട്ടിയതെന്നു ബിജു മേനോന്‍ പറഞ്ഞു. വേട്ടയാടിപ്പിടിച്ചു ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്ത പുലിയായതിനാല്‍ ആക്രമണ സ്വഭാവം പുലിക്കില്ല. പൂച്ചക്കുട്ടിയെപ്പോലെ നമ്മളോട് ഇണങ്ങിനില്‍ക്കും. ഷൂട്ടിങ്ങിന്റെ അവസാനദിവസം അത് വണ്ടിയില്‍നിന്ന് ഇറങ്ങിപ്പോയി. ഹൈവേ ബ്ലോക്കായി. അങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ആ പുലി ഉണ്ടാക്കിയിരുന്നു. പിന്നെ ഒരു വിധത്തിലാണ് പുലിയെ തിരിച്ചുകൊണ്ടുവന്നത്. അതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരുമെന്നും താരം പറഞ്ഞു.