Home News International റഷ്യയില്‍ ഭീകരര്‍ മൂന്ന് പോലീസുകാരെ വധിച്ചു

റഷ്യയില്‍ ഭീകരര്‍ മൂന്ന് പോലീസുകാരെ വധിച്ചു

മോസ്‌കോ: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ റഷ്യയില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. നോര്‍ത്ത് കോക്കസസിലാണ് ഭീകരരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഭീകരര്‍ ഒളിച്ചിരുന്ന ഇംഗുഷെഷ്യയിലെ മാല്‍ഗോബെക്ക് ജില്ലയിലെ സയാസിക്കോവ്‌യര്‍ട്ട് ഗ്രാമത്തിലെ വീടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ റഷ്യയില്‍ പോലീസുകാര്‍ക്കെതിരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മേഖലയില്‍ തെരച്ചില്‍ തുടരുന്നതിനായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.