റമദാനില്‍ വീടുകളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

റമദാനില്‍ വീടുകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ഇന്‍ജുറി പ്രിവന്‍ഷന്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ താമസക്കാരോടും വിശുദ്ധ റമദാനില്‍ ഗാര്‍ഹിക അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിനു വീട്ടില്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചു.

എച്ച്എംസിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഐഷ ഒബെയ്ദ് എല്ലാ കുടുംബങ്ങളോടും പ്രത്യേകിച്ച് കുട്ടികളുള്ളവരോടും വീട്ടിലായിരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികള്‍ക്കു സംഭവിക്കാവുന്ന സാധാരണ ഗാര്‍ഹിക അപകടങ്ങളായ വീഴ്ചയില്‍ തലയ്ക്കു സംഭവിക്കുന്ന പരിക്കുകള്‍, മുറിവുകള്‍, പൊള്ളല്‍, വീഴ്ചകള്‍, മുങ്ങിമരണം തുടങ്ങിയവ ഒഴിവാക്കാന്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഐഷ ഒബെയ്ദ് പറഞ്ഞു.

കൊച്ചു കുട്ടികളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിഷവസ്തുക്കളോ, രാസപദാര്‍ഥങ്ങളോ കുട്ടികള്‍ക്ക് എടുക്കാവുന്ന വിധത്തില്‍ സൂക്ഷിക്കരുത്. നാലു വയസില്‍ താഴെയുള്ള കുട്ടികളെ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഐഷ ഒബെയ്ദ് പറഞ്ഞു.

നാണയങ്ങള്‍ പോലുള്ള ചെറിയ വസ്തുക്കള്‍ കുട്ടികളുടെ കൈയെത്തുന്ന ദൂരത്തു വയ്ക്കരുത്. കുട്ടികള്‍ കാറിനുള്ളില്‍ ഒളിച്ചാല്‍ ശ്വാസംമുട്ടി മരിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ കുട്ടികള്‍ കാറില്‍ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ വാഹനം പരിശോധിക്കണമെന്നും ഐഷ ഒബെയ്ദ് ഓര്‍മപ്പെടുത്തി.