ദുബായ്: സിറിയിലുണ്ടായ ഭൂകമ്പത്തില്‍ വീടു നഷ്ടമായവര്‍ക്ക് ആയിരം വീടു നിര്‍മിച്ചു നല്‍കാന്‍ യുഎഇ സര്‍ക്കാര്‍. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സിറിയയില്‍ ആരംഭിച്ചതായും അറിയിച്ചു. യുഎഇ സര്‍ക്കാരിന്റെ കീഴിലുള്ള എമിറേറ്റ്‌സ് റെഡ് ക്രസന്റ് ആണ് പദ്ധതി നടപ്പാക്കുക. 65 മില്യണ്‍ ദിര്‍ഹമാണ് ഇതിനായി വിനിയോഗിക്കുന്നത്. ആറായിരം ദുരന്തബാധിതര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലുമായി അമ്പതിനായിരത്തിലേറെ പേരാണു മരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് സര്‍വതും നഷ്ടമായത്.
ലഡാക്കിയ പ്രവിശ്യയിലെ തെരഞ്ഞെടുത്ത ഏഴു സ്ഥലത്താണു വീടിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വീടിന് രണ്ട് ബെഡ് റൂം, ഒരു ലിവിങ് റൂം, ബാത്ത് റൂം, കിച്ചന്‍ എന്നിവയുണ്ടാകും. ഊര്‍ജാവശ്യങ്ങള്‍ക്കായി സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഭരണസ്ഥാപനങ്ങളിലെ അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതി തെരഞ്ഞെടുക്കുന്നവര്‍ക്കാണ് വീടു നല്‍കുക.
ഗൃഹനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സിറിയില്‍ നേരത്തെ എത്തിച്ചിരുന്നു. അതോടൊപ്പം മരുന്നുകളും ഭക്ഷ്യവസ്തുക്കളും തണുപ്പുകാലത്തു ധരിക്കാനുള്ള പ്രത്യേക വസ്ത്രങ്ങളും ദുരന്തബാധിതര്‍ക്കായി അയച്ചിരുന്നു.