ന്യൂഡല്‍ഹി: യുക്രെയ്ന്‍-റഷ്യ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ വിദേശകാര്യ സഹമന്ത്രി എമില്‍ ധപറോവ ഇന്ത്യാ സന്ദര്‍ശനത്തിനെത്തി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സില്‍ (ഐസിഡബ്ല്യുഎ) പ്രഭാഷണം നടത്തുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സഹായം അവര്‍ അഭ്യര്‍ഥിച്ചു. റഷ്യയുടെ യുക്രെയ്‌നെതിരായ യുദ്ധം: ലോകം എന്തിനു ശ്രദ്ധിക്കണം, എന്ന വിഷയത്തിലായിരുന്നു ധപറോവയുടെ പ്രഭാഷണം. റഷ്യയുടെ പ്രകോപനമില്ലാത്ത ആക്രമണത്തില്‍ യുക്രെയ്ന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ അവര്‍ എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ ഉന്നത യുക്രെയ്ന്‍ ഭരണാധികാരിയാണ് ധപറോവ. യുദ്ധവുമായി ബന്ധപ്പെട്ടു ലോകനേതാക്കള്‍ പറയുന്നത് യുക്രെയ്ന്‍ ജനത ശ്രദ്ധിക്കുന്നുണ്ടെന്നും ഇന്ത്യയുടെ നിലപാടുകളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ധപറോവ പറഞ്ഞു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോസ്‌കോയിലേക്കു യാത്രകള്‍ നടത്തിയതും യുക്രെയ്ന്‍ നിരീക്ഷിച്ചു. അവര്‍ യുക്രെയ്‌നിലേക്കും വരുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നും ധപറോവ പറഞ്ഞു.
അതേസമയം, കൂടുതല്‍ സഹായം ആവശ്യപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വൈദ്യസഹായമാണ് യുക്രെയ്ന്‍ ആവശ്യപ്പെട്ടത്. സെലന്‍സ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് ധപറോവ കൈമാറി.