ഉത്രവധക്കേസില്‍ വിധി പന്ത്രണ്ട് മണിക്ക്. കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതിജഡ്ജി എം മനോജാണ് വിധി പ്രസ്താവിക്കുക. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. ഡമ്മി ഉപയോഗിച്ചുള്ള പോലീസിന്റെ പരീക്ഷണമാവും ഉത്ര കേസിലെ പ്രധാന തെളിവായി പരിഗണിക്കയെന്നാണ് സൂചന. സൂരജ് ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തല്‍ കോടതിക്കു മുന്നില്‍ തെളിയിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ താന്‍ കൊന്നുവെന്നായിരുന്നു പൊലീസിനു മുന്നിലെ സൂരജിന്റെ കുറ്റസമ്മത മൊഴി. പക്ഷേ ഈ മൊഴി മാത്രം കൊണ്ട് കോടതിക്ക് മുന്നില്‍ സൂരജ് ചെയ്ത കുറ്റം തെളിയിക്കാനാവില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.
ഒരാളെ സ്വാഭാവികമായി പാമ്ബ് കടിച്ചാലുണ്ടാകുന്ന മുറിവില്‍ പാമ്ബിന്റെ പല്ലുകള്‍ തമ്മിലുളള അകലം എപ്പോഴും 2 സെന്റി മീറ്ററില്‍ താഴെയായിരിക്കും. എന്നാല്‍ ഫണത്തില്‍ പിടിച്ച് സൂരജ് ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചതിനാലാണ് ഉത്രയുടെ ശരീരത്തില്‍ കണ്ട മുറിവുകളിലെ പാമ്ബിന്റെ പല്ലുകള്‍ക്കിടയിലുളള അകലം ഇതിലും ഉയര്‍ന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.