ദുല്‍ഖര്‍-അമാല്‍ ദമ്പതികളുടെ വൈറല്‍ ചിത്രങ്ങള്‍ക്കു പിന്നില്‍ ഒരു പ്രമുഖ സംവിധായകന്റെ മകള്‍

മൂഹമാധ്യമങ്ങളില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ദുല്‍ഖര്‍ സല്‍മാന്‍അമാല്‍ സൂഫിയ ദമ്പതികളുടെ ചിത്രത്തിനു പിന്നില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ സജ്‌ന സംഗീത് ശിവന്‍. ചലച്ചിത്ര സംവിധായകനായ സംഗീത് ശിവന്റെ മകളാണ് സജ്‌ന സംഗീത് ശിവന്‍. ചലച്ചിത്ര താരങ്ങളെവച്ചു വിവിധ തരത്തിലുള്ള വൈറല്‍ ചിത്രങ്ങളുമായി എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന വ്യക്തിയാണ് സജ്‌ന.

എന്‍എംഎഎസി (നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍) കഴിഞ്ഞ ദിവസം മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സജ്‌ന എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. ഫോട്ടോഗ്രാഫിയാണ് ഇഷ്ട മേഖലയെങ്കിലും വൈകാതെ ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് സജ്‌ന വരും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ശ്രിന്ദ, അന്ന ബെന്‍, കനി തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങളെവച്ചുകൊണ്ട് സജ്‌ന നടത്തിയ ഫോട്ടോ ഷൂട്ടുകള്‍ സമീപകാലങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കത്രീന കൈഫ്, തപ്‌സീ പന്നു, റിച്ച ഛദ്ദ തുടങ്ങിയവരുടെ ചിത്രങ്ങളും സജ്‌ന പകര്‍ത്തിയിട്ടുണ്ട്. അന്തര്‍ദേശീയ ബ്രാന്റുകളായ ലെന്‍സ്‌കാര്‍ട്ട്, അജിയോ, വണ്‍പ്ലസ്, ഇന്‍സ്റ്റാഗ്രാം, മൊബിസ്റ്റാര്‍ തുടങ്ങിയവക്ക് വേണ്ടിയും സജ്‌ന പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവ കൂടാതെ പ്രേക്ഷക മനം കവരുന്ന നിരവധി ചിത്രങ്ങളും സജ്‌ന പങ്കുവച്ചിട്ടുണ്ട്.