Thursday, June 17, 2021
Home News National നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ലഭ്യമായേക്കില്ല

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ലഭ്യമായേക്കില്ല

കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങള്‍ക്ക്​ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ ഐടി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെയടക്കമുള്ള നീക്കങ്ങള്‍ ദില്ലി പൊലീസ് ശക്തമാക്കിയ സാഹചര്യത്തില്‍ പുതിയ നിയമം സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ ബാധിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമ രംഗത്തെ ഭീമന്‍മാരുടെ പ്രവര്‍ത്തനത്തെ പുതിയ നിയമം സാരമായ രീതിയില്‍ ബാധിച്ചേക്കുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ നിലനിക്കുന്നുണ്ട്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർ​ഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.

വാര്‍ത്താ സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുമായുള്ള നിയമങ്ങള്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുകയും അവ പാലിക്കാന്‍ മൂന്ന് മാസത്തെ സമയം നല്‍കുകയും ചെയ്തിരുന്നു. കമ്ബനികള്‍‌ നിയമങ്ങള്‍‌ പാലിക്കുന്നതില്‍‌ പരാജയപ്പെട്ടാല്‍‌, അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ക്രിമിനല്‍‌ നടപടികള്‍ക്ക് വിധേയമാകാനും സാധ്യതയുണ്ട്. അധികൃതര്‍ അപകീര്‍ത്തികരമെന്ന്​ കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്​റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ്​ പുതിയ നിയമത്തിലെ വ്യവസ്​ഥ.

പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, മേല്‍നോട്ട സംവിധാനത്തിനായി പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, ഐബി, നിയമം, ഐടി, വനിത, ശിശു വികസന മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്ള ഒരു കമ്മിറ്റി രൂപീകരിക്കും. ആവശ്യമെങ്കില്‍ എത്തിക്സ് കോഡ് ലംഘിച്ചതായ പരാതികളില്‍ ഹിയറിംഗുകള്‍ വിളിക്കാന്‍ ഈ സമിതിക്ക് അവകാശമുണ്ടാവും.

Most Popular