ദോഹ: ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് (QFFD) സാംബിയയിലെ (Zambia) പിന്നാക്ക ജില്ലകളിലെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സഹായം ലഭ്യമാക്കും. ആഗോള വിദ്യാഭ്യാസ ഫൗണ്ടേഷനായ എജ്യുക്കേഷന്‍ എബൗ ഓള്‍ (EAA), വേള്‍ഡ് വിഷന്‍ എന്നിവയുമായി സഹകരിച്ചാണ് ക്യുഎഫ്എഫ്ഡി പദ്ധതി നടപ്പാക്കുക.
സാംബിയന്‍ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യാകലിമയുടെ സാന്നിധ്യത്തിലാണു പദ്ധതി ആരംഭിച്ചത്. ഇഎഎ സിഇഒ ഫഹദ് അല്‍ സുലൈത്തി, വേള്‍ഡ് വിഷന്റെ ഡയറക്ടറും സാംബിയയില്‍ നിന്നുള്ള അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

വിദ്യാഭ്യാസത്തിലൂടെ ദുര്‍ബലരായ കുട്ടികളെ ശാക്തീകരിക്കുക എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി ഏഴായിരത്തോളം കുട്ടികള്‍ക്കു പ്രയോജനകരമാകും. സാംബിയന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഫ്രിക്കന്‍ വനിതാ വിദ്യാഭ്യാസ വിദഗ്ധര്‍ക്കുള്ള ഫോറത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി സംബിയയിലെ പിന്നാക്ക ജില്ലകളിലൊന്നായ നംവാലെയിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണ്.
പ്രൈമറി ക്ലാസുകളില്‍ നിന്നുള്ള ദരിദ്രകുടുംബ പശ്ചാത്തലമുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയാന്‍ പദ്ധതി സഹായകമാകും. സ്‌കൂളിലേക്കുള്ള ദീര്‍ഘദൂരം, ലൈംഗിക/ലിംഗാധിഷ്ഠിത അക്രമങ്ങള്‍, നേരത്തെയുള്ള വിവാഹം, ബാലവേല, രോഗികളായ മാതാപിതാക്കളുടെ കുട്ടികള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ പഠനം ഉപേക്ഷിച്ചുപോകുന്നതെന്നു ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.