Sunday, September 26, 2021
Home Special GM Talkies കോവിഡ്: മുൻകരുതലുകളോടെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

കോവിഡ്: മുൻകരുതലുകളോടെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ന്റെ ചിത്രീകരണം ഇന്നലെ കൊച്ചിയിൽ ആരംഭിച്ചു. പൂജയിൽ മീന, ആന്റണി പെരുമ്പാവൂർ, ജീത്തു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 14ാം തീയതി ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ ഷൂട്ടിംഗ് വൈകുകയായിരുന്നു. പാലക്കാട് പെരിങ്ങോട്ടിലെ ആയുർവേദ കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കിയ മോഹൻലാൽ സെപ്റ്റംബർ 26ന് ലൊക്കേഷനിലെത്തുമെന്നാണ് റിപ്പോർട്ട്.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ പൂജ നടന്നു. സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ആദ്യത്തെ പത്ത് ദിവസം ഇൻഡോർ രംഗങ്ങളാകും ചിത്രീകരിക്കുക. ഷൂട്ടിംഗ് തീരുന്നതുവരെ എല്ലാവരും നിശ്ചിത ഹോട്ടലിൽ താമസിക്കണം. പുറത്തുള്ളവരുമായി ബന്ധപ്പെടാൻ കഴിയില്ല.

മലയാള സിനിമയിലെ മികച്ച ഫാമിലി ത്രില്ലർ സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. സ്വന്തം കുടുംബം ഒരു ദുരന്തത്തിൽപ്പെട്ടപ്പോൾ അവരെ രക്ഷടുത്താൻ ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്റെ കഥയാണ് തികഞ്ഞ ഉദ്വേഗത്തോടെയും, സംഘർഷങ്ങളിലൂടെയും ദൃശ്യത്തിലൂടെ അവതരിപ്പിച്ചത്.

ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ദുരന്തത്തിൽ നിന്ന് കുടുംബത്തെ രക്ഷിച്ചതിനു ശേഷമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം 2 വിൽ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്‌പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും അവതരണം.

മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത്. ഏഴ് വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിംഗ്് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികച്ചതായിരുന്നു. 50 കോടിയോളം രൂപ ബോക്‌സ് ഓഫീസിൽ നിന്നും കലക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം- അനിൽ ജോൺസൺ, ഛായാഗ്രാഹകൻ- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വിനായകൻ, കലാസംവിധാനം-രാജീവ് കോവിലകം, നിശ്ചലമായാഗ്രഹണം-ബെന്നറ്റ്, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ- ലിൻഡ ജീത്തു, അസ്സോസ്സിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, സഹസംവിധാനം- സോണി കുളക്കട, അർഷാദ് അയൂബ്, പ്രൊഡക്ഷൻ കൺട്രോളർ- സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ എക്‌സികുട്ടീവ്- സേതു അടൂർ, പ്രൊഡക്ഷൻ മാനേജർ- പ്രണവ് മോഹൻ, ഫിനാൻസ് കൺട്രോളർ- ശശിധരൻ കണ്ടാണിശ്ശേരിൽ എന്നിങ്ങനെയാണ് അണിയറപ്രവത്തകർ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കും.

Most Popular