ജി.സി.സി. റെയില്‍വേ പദ്ധതി വീണ്ടും സജീവമാകുന്നു

GCC Railway Project

കുവൈത്ത് സിറ്റി: ജി.സി.സി. റെയിൽവേ പദ്ധതി വീണ്ടും സജീവമാകുന്നു. മുടങ്ങി കിടന്ന പദ്ധതി പൂർത്തിയാക്കുന്നതിന് അംഗ രാജ്യങ്ങൾ മുന്നോട്ട് വരുന്നു. ഖത്തറുമായുള്ള ഗൾഫ് തർക്കം പരിഹരിക്കപ്പെട്ടതോടെയാണ് ജിസിസി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതിക്കായി അംഗ രാജ്യങ്ങൾ ഒരുങ്ങുന്നത്.

എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട ജി.സി.സി റെയിൽ പദ്ധതി. ഇതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വന്തം ഭാഗം പൂർത്തിയാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യണം. പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദവും വികസന രംഗത്ത് വലിയ കുതിപ്പിന് വഴിവെക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്.

വിവിധ കാരണങ്ങളാൽ പദ്ധതി മന്ദീഭവിച്ച് കിടക്കുകയായിരുന്നു. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുണ്ടായ തർക്കം തന്നെയായിരുന്നു അതിൽ പ്രധാനം. റെയിൽ കടന്നുപോകുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയതും ഗൾഫ് രാജ്യങ്ങളുടെ മുഖ്യവരുമാനമായ എണ്ണ വിലയിൽ ഉണ്ടായ വലിയ ഇടിവ് അംഗ രാജ്യങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിച്ചതും പദ്ധതിയെതടസ്സപ്പെടുത്തി.

2177 കിലോമീറ്റർ ദൈർഖ്യമുള്ള 25 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അകലം കുറയുമെന്നും പദ്ധതി യാഥാർഥ്യമാവുന്നതോടെ അംഗ രാജ്യങ്ങൾക്കിടയിലെ യാത്രാ, ചരക്ക് നീക്കത്തിന് ഏറെ സഹായകരമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.