
അറബ് ലോകത്തെ മെന്റലിസ്റ്റ്
”സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്, പക്ഷേ, ഇത്ര ഭയാനകമായ ഒരു വേർഷൻ ഇതാദ്യാ…! ഇതിന് പരിഹാരമില്ലാ… ഇറ്റ് ഈസ് ഇൻക്യൂറബിൾ” എന്ന് പറഞ്ഞത് ബ്രഹ്മദത്തൻ നമ്പൂതിരിയാണ്. മാടമ്പള്ളിയിലെത്തിയ ഗംഗയുടെ ശരീരത്തിൽ കുടിയേറിയ നാഗവല്ലിയെക്കുറിച്ചായിരുന്നു നമ്പൂതിരിയുടെ പരമാർശം. മെന്റലിസം, ഇല്യൂഷൻ, സൈക്കോസിസ്, ഇന്ദ്രജാലം, ഹിപ്നോട്ടിസം, മൈൻഡ് റീഡർ തുടങ്ങി മനസ്സിന്റെ പല അവസ്ഥാന്തരങ്ങളെ ആദ്യമായി മലയാളിക്ക് മുന്നിൽ അവതരിപ്പിച്ച ചിത്രമായിരുന്നു 1993-ൽ ഇറങ്ങിയ മണിച്ചിത്രത്താഴ്. പിന്നീട് ശങ്കർ സംവിധാനം ചെയ്ത പ്രേതം എന്ന ചിത്രത്തിലൂടെയും മെന്റലിസ്റ്റ് എന്ന വാക്ക് സാധാരണക്കാർക്കിടയിൽ സുപരിചിതമായി.
മനുഷ്യനെ അദ്ഭുതങ്ങളുടെയും ആകാംക്ഷയുടെയും കൊടുമുടികളിൽ നിർത്തുക. ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ നടത്തി ഞൊടിയിടയിൽ നമ്മുടെ കണ്ണുകളെ അമ്പരപ്പിക്കുക. മറ്റൊരാളുടെ മനസ്സിലിരിപ്പ് ആർക്കറിയാമെന്ന് പറയുമ്പോൾ അത് മെന്റലിസ്റ്റിനറിയാമെന്ന അവസ്ഥയിൽ വരെയെത്തുക. കാരണം മെന്റലിസ്റ്റുകൾ ഹിപ്പ്നോട്ടിസത്തിൽ വാഴുന്ന രാജക്കന്മാരും കൂടിയാണ്. അവർ സാധാരണ മനുഷ്യനാണെങ്കിൽ പോലും സ്വായത്തമാക്കിയ അറിവുകളും സാഹസികതകളും കൊണ്ട് ലോകത്തെത്തന്നെ കീഴടക്കുന്നു, അപ്രത്യക്ഷമാക്കുന്നു. ഒരു നിരീക്ഷണശാലിക്ക് മാത്രമേ നല്ലൊരു ഇന്ദ്രജാലക്കാരനാകാൻ സാധിക്കൂവെന്ന് ഈ മേഖലകളിലുള്ളവരെല്ലാം ആവർത്തിച്ചുപറയുന്നു.
ദുബായിലുമുണ്ട് ഇന്ത്യയിലെ തെരുവോരത്തെ മാന്ത്രികവിദ്യകൾ പഠിച്ച് ബുർജ് ഖലീഫയെ വരെ മായ്ച്ചുകളയുന്ന മാന്ത്രികകല സ്വായത്തമാക്കിയ ഒരു മെന്റലിസ്റ്റ് – മൊയിൻ അൽ ബസ്താക്കി. ആറാം വയസ്സിലാണ് മൊയിന് മുത്തച്ഛനിലൂടെ അദ്ഭുതവിദ്യകൾ പകർന്നുകിട്ടുന്നത്. ഇപ്പോൾ മറ്റുള്ളവരിലേക്ക് ആഴമേറിയ ഒരു നോട്ടം മതി, അല്ലെങ്കിൽ ഒരു വിരൽസ്പർശം മാത്രം മതി അവരുടെ ചിന്തകൾ ഒരു തുറന്ന പുസ്തകം വായിക്കുന്നതുപോലെ വായിച്ചെടുക്കാൻ. നമ്മുടെ കണ്ണുകൾ പോലും ഇത് മിഥ്യയാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാതെ പകച്ചുനിന്നുപോകും. ഇങ്ങനെ വിസ്മയിപ്പിക്കാൻ ഇയാൾ ഒരു ദിവ്യനാണോ എന്നുപോലും ശങ്കിച്ചുപോകും. അതാണ് യു.എ.ഇ.യിലെ ഏക മാന്ത്രികൻ മൊയിൻ അൽ ബസ്താക്കി.
ഒഴിഞ്ഞ കുഴലിൽ നിന്ന് പല വർണത്തിലുള്ള പൂക്കളെടുക്കുക, കത്തിച്ച പേപ്പറിൽ നിന്ന് നൂറുരൂപ നോട്ടെടുക്കുക, തൊപ്പിക്കുള്ളിൽ നിന്ന് ജീവനുള്ള മുയലിനെ പുറത്തെടുക്കുക തുടങ്ങിയ കൺകെട്ടുകളല്ല മൊയിന്റെ ഇന്ദ്രജാലം. ഗ്ലാസ് കഷ്ണങ്ങൾ വിഴുങ്ങി, സ്വയം തീകൊളുത്തിയുള്ള മാന്ത്രികസ്പർശങ്ങളാണ്. തീർന്നില്ല, മറ്റുള്ളവരുടെ മറന്നു തുടങ്ങിയ ഭൂതകാല ഓർമകൾ ഇന്ദ്രജാലക്കാരന്റെ മനസ്സിലേക്ക് പുനർജനിപ്പിക്കുന്നതരം ജാലവിദ്യകൾ. ഒരാളുടെ മനസ്സിന്റെ നിയന്ത്രണത്തെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ മാത്രം വിദ്യകൾ കൈവശമാക്കിയ ഇന്ദ്രജാലക്കാരൻ. പക്ഷേ, ജാലവിദ്യയോടുള്ള അടങ്ങാത്ത അഭിനിവേശം ഈ ഇന്ദ്രജാലക്കാരനെ അത് തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു.
മുത്തച്ഛൻ കാണിച്ച മാജിക്കാണ് മൊയിൻ ആദ്യമായി കാണുന്നത്. കനമുള്ള നാണയത്തുട്ടുകൾ മുത്തച്ഛൻ വായിലിട്ട് കടിച്ചുതിന്നാൻ തുടങ്ങി. ഇത്രയും ശക്തമായ പല്ലുകളാണോ മുത്തച്ഛന്റേത് എന്നോർത്ത് അദ്ഭുതത്തോടെ നോക്കി നിന്ന മൊയിന് പെട്ടെന്ന് സങ്കടവും ദേഷ്യവും വന്നു. കാരണം സൈക്കിൾ വാങ്ങാനായി മാറ്റിവെച്ച നാണയത്തുട്ടുകളാണ് മുത്തച്ഛൻ അകത്താക്കിയത്. പക്ഷേ, മൊയിനെ അമ്പരപ്പിച്ചുകൊണ്ട് നാണയത്തുട്ടുകളതാ മുത്തച്ഛൻ കൈയിലേക്ക് ഒരു പോറൽ പോലും ഏൽക്കാതെ കുടഞ്ഞിട്ടിരിക്കുന്നു. ആ കാഴ്ചയാണ് ആ ആറുവയസ്സുകാരനിൽ മനുഷ്യമനസ്സിനെ കുറിച്ച് പഠിക്കാനും ഇന്ദ്രജാലത്തോടുമുള്ള കമ്പം കൂട്ടിയത്.
തുടക്കം ഇന്ത്യയിൽനിന്ന്
കച്ചവടക്കാരനായിരുന്നു മൊയിന്റെ മുത്തച്ഛൻ. അതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള യാത്രയിൽ ഫക്കീർമാരിൽനിന്നാണ് ജാലവിദ്യകൾ പഠിക്കുന്നത്. ദുബായിൽ മടങ്ങിയെത്തിയശേഷം പഠിച്ച വിദ്യകൾ മൊയിന്റെ അച്ഛനും അമ്മാവൻമാർക്കും മുത്തച്ഛൻ കൈമാറാൻ ശ്രമിച്ചെങ്കിലും അവർക്കതിൽ താത്പര്യമില്ലായിരുന്നു. അങ്ങനെ മായാവിദ്യക്കാരനാകാനുള്ള ഭാഗ്യം ലഭിച്ചത് മൊയിന്. മുത്തച്ഛൻ പഠിച്ചെടുത്ത പല മാജിക് തന്ത്രങ്ങളും മൊയിൻ പരിശീലിച്ചു. അക്കാലത്ത് മൊയിന്റെ അച്ഛന് ഒരു വീഡിയോ ഷോപ്പുണ്ടായിരുന്നു. അവിടെനിന്ന് ലഭിച്ചിരുന്ന ഡേവിഡ് കോപ്പർഫീൽഡ് സീരീസുകൾ മൊയിൻ കാണാൻ തുടങ്ങി. ഓരോ വീഡിയോയും ദിവസവും അവൻ ആവർത്തിച്ച് കണ്ടു.
അവന്റെ കണ്ണുകൾ ആ മായാജാലങ്ങൾ ആസ്വദിക്കുമ്പോൾ അവന്റെ മനസ്സ് തിരഞ്ഞത് അതിലെ രഹസ്യങ്ങളെയും നിഗൂഢതകളെയും ആയിരുന്നു. ജാലവിദ്യകൾ ഇതുവരെ കാണാത്ത ലോകത്തിനപ്പുറം അവനെ എത്തിച്ചു. ആധുനികലോകത്തെ വിസ്മയങ്ങൾ മൊയിൻ എന്ന കൊച്ചുകുട്ടിയെ ഇന്ദ്രജാലത്തിലേക്ക് അടുപ്പിച്ചു. കഠിനാധ്വാനവും ബുദ്ധിയും ഒത്തുചേർന്നാൽ മാജിക് എന്ന അഭിനിവേശം സ്വന്തമാക്കാമെന്ന ചിന്തയിലെത്തി. അതോടെ അന്താരാഷ്ട്ര തലത്തിലുള്ള വിസ്മയങ്ങൾ മൊയിൻ സൂക്ഷ്മമായി നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങി. മാതാപിതാക്കൾ അറിയാതെ അവൻ ജാലവിദ്യകൾ കണ്ട് ഒളിച്ചും പതുങ്ങിയും പരിശീലനം തുടങ്ങി. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ അതെല്ലാം വിജയിച്ചുകൊണ്ടിരുന്നു. അവൻ അഭ്യസിച്ച വിദ്യകൾ അവന്റേതായ ശൈലിയിൽ തന്നെ രൂപം കൊണ്ടു. അവിടെനിന്ന് തുടങ്ങി അവന്റെ മായാജാലലോകത്തിന്റെ നിഗൂഢമായ അനന്തതകൾ തേടിയുള്ള യാത്രകൾ.
ഹൈസ്കൂൾ പഠനശേഷം ജാലവിദ്യക്കാരനാകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പഠനം പൂർത്തിയാക്കിയശേഷമാകാം എന്തും എന്നായിരുന്നു രക്ഷിതാക്കളുടെ നിർദേശം. ബിരുദാനന്തര ബിരുദം നേടി, ബാങ്ക് മാനേജരായി. പഠനത്തിനിടയിലും പരിശീലനം മുടങ്ങാതെ ചെയ്യാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മഹാമാന്ത്രികന്മാരുടെ മായലോകത്തേക്കുള്ള യാത്രയായിരുന്നു മൊയിന്റേത്. അതോടെ ഒരു ജാലവിദ്യക്കാരനായി ജീവിക്കണമെന്ന ആഗ്രഹം പിതാവ് ഗൗരവത്തിലെടുക്കാൻ തുടങ്ങി. മാജിക്കിനോള്ള മൊയിന്റെ അഭിനിവേശത്തെ കുടുംബവും സുഹൃത്തുക്കളും അംഗീകരിക്കാനും തുടങ്ങി.
സ്വന്തമായി കണ്ടുപിടിക്കുന്ന ഓരോ ജാലവിദ്യകളും മൊയിൻ സുഹൃത്തുക്കൾക്കിടയിൽ അവതരിപ്പിക്കും. അതോടൊപ്പം മോമി ഇല്ല്യൂഷൻസ് യുട്യൂബ് ചാനലിലും പ്രക്ഷേപണം ചെയ്തു. പതുക്കെ ജനങ്ങൾക്കിടയിൽ മൊയിൻ അറിയപ്പെടാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് 2011-ൽ ഒരു ടെലിവിഷൻ ചാനൽ മൊയിന്റെ അഭിമുഖം ആവശ്യപ്പെടുന്നത്. അതിനുശേഷം പെട്ടെന്നായിരുന്നു മൊയിൻ അൽ ബസ്താക്കി എന്ന ഇന്ദ്രജാലക്കാരന്റെ വളർച്ച. അവന്റെ മാന്ത്രിക സ്പർശത്താൽ ഓരോ വാതിലുകളും യഥേഷ്ടം അവന്റെ മുന്നിൽ തുറന്നു കൊണ്ടേയിരുന്നു.
ലോകമെമ്പാടും മൊയിൻ ശ്രദ്ധിക്കപ്പെട്ടു. വിവിധ പരിപാടികളിലും ആഘോഷങ്ങളിലും മൊയിന്റെ സാന്നിധ്യം ശ്രദ്ധേയമായി. സെലിബ്രിറ്റികൾക്കിടയിലും രാജകീയ ഭവനങ്ങളിൽ വരെയും മൊയിന്റെ രസകരമായ ഇന്ദ്രജാല തമാശകളെത്തി. ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയെപ്പോലും അദ്ദേഹം വിസ്മയിപ്പിച്ചു. കുറഞ്ഞത് എട്ടുമണിക്കൂർ നേരത്തെ പരിശീലനത്തിനുശേഷം മാത്രമേ പൊതുപരിപാടികളിലും ടെലിവിഷൻ ഷോകളിലും ജാലവിദ്യകൾ കാണിക്കാറുള്ളൂവെന്ന് മൊയിൻ പറയുന്നു. ഒരു നല്ല മാന്ത്രികനാവാൻ പൊതുസമൂഹവുമായി നല്ല ബന്ധം നിലനിർത്തണം. ജനങ്ങൾക്കുമുന്നിൽ വിദ്യകൾ പ്രദർശിപ്പിച്ച് അവരുടെ മനസ്സിനെ പിടിച്ചിരുത്തി വിശ്വാസം നേടണമെങ്കിൽ ആത്മവിശ്വാസം അനിവാര്യമാണെന്നാണ് മൊയിന്റെ പക്ഷം.
മൊയിൻ അൽ ബസ്താക്കി എപ്പോഴും മറ്റ് മാജിക്കുകാരുടെ വിദ്യകൾ കാണുകയും പുതിയത് പഠിക്കാൻ ശ്രമിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു. സ്വയം തീകൊളുത്തി കാണികളെ അമ്പരപ്പിച്ചതും ബുർജ് ഖലീഫയെ അപ്രത്യക്ഷമാക്കുന്ന മനോഹരമായ ഇന്ദ്രജാലം ചെയ്തതുമാണ് മൊയിന്റെ ഇന്ദ്രജാല ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ. ബുർജ് ഖലീഫ മായ്ക്കുന്ന അദ്ഭുതം കാണിക്കാനുള്ള പരീക്ഷണങ്ങൾ മൂന്നുവർഷമെടുത്താണ് മൊയിൻ സ്വായത്തമാക്കിയത്. ഡേവിഡ് കോപ്പർഫീൽഡിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരിക്കൽ നടത്തിയ സ്റ്റാച്യു ഓഫ് ലിബർട്ടി അപ്രത്യക്ഷമാക്കുന്ന ഇന്ദ്രജാലവും മൊയിന്റെ ജീവിതത്തിലെ മറ്റൊരു മഹാദ്ഭുതമാണ്. യഥാർഥത്തിൽ ഒരു അതീന്ദ്രിയ ശക്തി തനിക്കുണ്ടായിരുന്നെങ്കിൽ എന്ന് മൊയിൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയൊന്നുണ്ടായാൽ ഭൂമിയിലെ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്നും മുഴുവൻ മനുഷ്യർക്കും സമാധാനത്തോടെ ജീവിക്കാനുള്ള കഴിവ് നൽകണമെന്നുമാണ് മൊയിൻ എന്ന ചെറുപ്പക്കാരന്റെ ആഗ്രഹം.
ഒരിക്കലും ഡേവിഡ് കോപ്പർഫീൽഡ്, ക്രിസ് ഏഞ്ചൽ തുടങ്ങിയ മാന്ത്രികരെ പകർത്തരുതെന്നും അവരിൽനിന്ന് പഠിക്കുകയും ആശയങ്ങൾ മറ്റൊരുതലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും വേണമെന്നുമാണ് ഇന്ദ്രജാലലോകത്തേക്ക് കടന്നുവരുന്നവർക്ക് മൊയിൻ നൽകുന്ന ഉപദേശം. അതീന്ദ്രിയമായാജാലം, ടെലിപ്പതി, സൈക്കോളജിയുടെ മറു തലങ്ങൾ, ഹിപ്പ്നോട്ടിസവും ചേരുമ്പോൾ അതൊരു വേറിട്ട മാന്ത്രിക രുചിക്കൂട്ടാകും.
കാരണം മൊയിൻ സ്വായത്തമാക്കിയ മെന്റലിസം, ഇല്യൂഷൻ എന്നത് മറ്റുള്ളവരുടെ മനസ്സിനെ വാക്കുകളിലൂടെ സ്വാധീനിക്കുന്ന അതിബുദ്ധിമാനായ ഒരു മാന്ത്രികന്റെ കഴിവല്ലാതെ മറ്റൊന്നുമല്ല. ഒരു മാജിക്കൽ സ്പർശം കൊണ്ടോ, തീക്ഷ്ണനോട്ടം കൊണ്ടോ, മറ്റുള്ളവരുടെ ചിന്തകളിലേക്ക് തുളച്ചുകയറുന്ന വാക്കുകൾ കൊണ്ടോ, ഒരാളെ തന്നിലേക്ക് ആവാഹിക്കുക. മനസ്സിന്റെ വായനാപ്രക്രിയയെക്കുറിച്ച് പഠിച്ച് കൂടുതൽ തന്ത്രം പയറ്റുക. ഒരു സാധാരണ അറബി കുടുംബത്തിൽ ജനിച്ച മൊയിൻ അൽ ബസ്താക്കിയുടെ നേട്ടങ്ങൾ, ജീവിതയാത്രകൾ ഇനിയും തുടരുകയാണ്.