Saturday, June 19, 2021
Home Special Expat World മരുഭൂമിയിലെ രാപ്പക്ഷികൾ

മരുഭൂമിയിലെ രാപ്പക്ഷികൾ

യൂറോപ്പിൽനിന്ന് ശൈത്യകാലത്തെ അതിജീവിക്കാൻ ആഫ്രിക്കയിലേക്ക് യൂറോപ്യൻപക്ഷികൾ നടത്തുന്ന ദേശാടനം വളരെ പ്രശസ്തമാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള അവയുടെ സഞ്ചാരം ഇന്നും ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഈ ദേശാടനപാതയിൽ പക്ഷികൾ വിശ്രമിക്കാൻ തിരഞ്ഞെടുക്കുന്ന ചുരുക്കംസ്ഥലങ്ങളിലൊന്നാണ് കുവൈത്ത് എന്ന കൊച്ചുരാജ്യം. ഇവിടെയുള്ള മരുപ്പച്ചകളാണ് മിക്കപ്പോഴും ഈ പക്ഷികളുടെ വിശ്രമകേന്ദ്രം.

പക്ഷിനിരീക്ഷണം തുടങ്ങിയ കാലംതൊട്ട് ആശ്ചര്യപ്പെടുത്തിയിട്ടുള്ള പക്ഷികളായിരുന്നു നിശാപ്പക്ഷികളായ മൂങ്ങകളും രാച്ചുക്കുകളും കുവൈത്തിൽ സ്ഥിരവാസകാരായ മൂന്ന് മൂങ്ങകളും ദേശാടകരായി കടന്നുപോകുന്ന നാലിനം മൂങ്ങകളും രണ്ടിനം രാച്ചുക്കുകളുമുണ്ട്. രാത്രിസഞ്ചാരികളായതുകൊണ്ടും പകൽ കണ്ടുകിട്ടാത്തതുകൊണ്ടും ഒട്ടേറെ കെട്ടുകഥകളിലെ കഥാപാത്രങ്ങളാണ് ഈ രണ്ടുജനുസ്സിൽപ്പെട്ട പക്ഷികളും. ഇവയെയെല്ലാം ഒരു വർഷത്തിനിടയിൽത്തന്നെ കാണാനും ചിത്രങ്ങൾ പകർത്താനും 2017 മുതൽതന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഈ വർഷമാണ് ആ സ്വപ്നം യാഥാർഥ്യമായത്.

lilith-owl

ആദ്യം മൂങ്ങകളെ പരിചയപ്പെടാം. കുവൈത്തിൽ സ്ഥിരതാമസമാക്കിയ മൂന്നിനം മൂങ്ങകളുണ്ട് ഫറവോസ് ഈഗിൾ ഔൾ, ലിറ്റിൽ ഔൾ, വെസ്റ്റേൺ വെള്ളിമൂങ്ങ എന്നിവയാണിത്. ഇവ കുവൈത്തിൽ പ്രജനനംനടത്തുകയും എല്ലാ ഋതുക്കളിലും സ്ഥിരതാമസക്കാരുമാണ്. കുവൈത്തിലെ മരുഭൂമിയുടെ വ്യത്യസ്തങ്ങളായ ഇടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഇവയിൽ ലിറ്റിൽ ഔൾ എന്ന കുഞ്ഞൻ മൂങ്ങ പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ സ്ഥലങ്ങളിൽ കണ്ടുവരുന്നു. ഫറോവോ ഈഗിൾ ഔൾ എന്ന വലിയ മൂങ്ങക്കാവട്ടെ മരുഭൂമിയും കുന്നിൻ ചെരിവുകളുമാണ് പ്രിയം. ഇവ രണ്ടിൽനിന്നും വ്യത്യസ്തമായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന വെള്ളി മൂങ്ങയെപ്പോലെത്തന്നെ ഇവിടെയുള്ള വെസ്റ്റേൺ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങകൾ മനുഷ്യസാമീപ്യമുള്ള തോട്ടങ്ങളും കെട്ടിടങ്ങളുമാണ് ഇഷ്ടപ്പെടുന്നത് .

ദേശാടകരായി എത്തുന്ന മൂങ്ങകൾ നാലിനങ്ങളാണ്. ചാര മൂങ്ങ, പൂച്ച മൂങ്ങ, യൂറേഷ്യൻ സ്കോപ്സ് ഔൾ, നെടുഞ്ചെവിയൻ മൂങ്ങ എന്നിവയാണവ. രണ്ടോ മൂന്നോ ദിവസം മാത്രം കുവൈത്തിൽ തങ്ങുന്ന ഇവയെ മിക്കപ്പോഴും വലിയ തോട്ടങ്ങളിലാണ് കാണുന്നത്. ഇതിൽ പൂച്ചമൂങ്ങ ഒഴികെയുള്ളവ മരങ്ങളിൽ ചേക്കേറുമ്പോൾ, പൂച്ചമൂങ്ങ കുറ്റിച്ചെടികളോട് ചേർന്ന് തറയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നവയാണ് . മരുഭൂമിയിലെ ചൂട് മാറി തണുപ്പ് തുടങ്ങുന്ന സമയത്താണ് പ്രധാനമായും മൂങ്ങകളുടെ ദേശാടനം നടക്കുന്നത്. ഇതിൽ കാലംതെറ്റി അല്പം നേരത്തേ എത്തുന്ന മൂങ്ങകൾ ചൂട് അതിജീവിക്കാറില്ല. ഇങ്ങനെ നിർജലീകരണം മൂലം മരണപ്പെടുന്ന മൂങ്ങകളെയും മറ്റു പക്ഷികളെയും മരുപ്രദേശങ്ങളിൽ ഈ സീസണിൽ സ്ഥിരമായി കാണാം. ചൂടിൽനിന്ന് തണുപ്പിലേക്ക് മാറുന്ന സെപ്റ്റംബർ – ഒക്ടോബർ മാസത്തിലാണ് ഇത് കൂടുതലും കണ്ടു വരുന്നത്. കാലാവസ്ഥാ വ്യതിയാനം ഇതിൽ മുഖ്യ വിഷയമാണ്. ഒന്നോ രണ്ടോ ആഴ്ചത്തെ വ്യത്യാസത്തിലാണ് കടുത്ത വേനലിൽനിന്ന് ശൈത്യത്തിലേക്കുള്ള മാറ്റം വരുന്നത് എന്നതും ശ്രദ്ധേയമാണ്.

european nightjar
രാത്രി സഞ്ചാരികളായ മറ്റൊരിനം പക്ഷികളാണ് രാച്ചുക്കുകൾ അഥവാ നൈറ്റ്ജാർ. കുവൈത്തിലൂടെ കടന്നുപോകുന്ന രണ്ടിനം രാച്ചുക്കുകൾ ഉണ്ട് -യൂറോപ്യൻ നൈറ്റ്ജാർ, ഈജിപ്ഷ്യൻ നൈറ്റ്ജാർ എന്നിവയാണവ. യൂറോപ്യൻ നൈറ്റ്ജാർ യൂറോപ്പിൽ നിന്നും ആഫ്രിക്കയിലേക്കും ഈജിപ്ഷ്യൻ നൈറ്റ്ജാർ ഏഷ്യയുടെ ദക്ഷിണപശ്ചിമ ദിക്കിൽനിന്നും വടക്കൻ ആഫ്രിക്കയിലേക്കുമാണ് ദേശാടനം നടത്തുന്നത്. കീടഭോജികളായ ഇവ പറന്നുകൊണ്ടു തന്നെ ഭക്ഷണ സമ്പാദനം നടത്തുന്ന അപൂർവ പക്ഷികളാണ്. ഇതിനു ഉതകുന്ന ചെറിയ കൊക്കും കവിളിലേക്ക് നീളത്തിൽ തുറക്കുന്ന വായയുമാണ് ഇവയ്ക്കുള്ളത്. ആവാസ വ്യവസ്ഥയ്ക്കനുയോജ്യമായ തൂവലുകളുള്ള ഇവയെ പകൽ കണ്ടെത്തുക അത്ര എളുപ്പമല്ല. യൂറോപ്യൻ നൈറ്റ്ജാർ ഒറ്റക്ക് സഞ്ചരിക്കുന്ന പക്ഷികളാണ്. എന്നാൽ ഈജിപ്ഷ്യൻ അഞ്ചും പത്തുമുള്ള കൂട്ടങ്ങളായാണ് സഞ്ചരിക്കാറുള്ളത്.

മൂങ്ങകളെപ്പോലെ തന്നെ ഒട്ടനവധി കെട്ടുകഥകളിൽ ഉള്ള ഒരു പക്ഷിയാണ് രാച്ചുക്കുകൾ. പുരാതന ബ്രിട്ടീഷ് നാടോടിക്കഥകളിൽ ആടിന്റെ പാൽ രാത്രി വലിച്ചു കുടിക്കുന്ന പക്ഷിയായാണ് ഇവയെ കരുതിപ്പോന്നിരുന്നത്. ഇവയുടെ ശാസ്ത്രീയ നാമവും അതുതന്നെ. ലാറ്റിൻ ഭാഷയിൽ ‘ഗോട്ട് സക്കർ’ എന്ന് അർഥം വരുന്ന ‘കാപ്രിമുൾഗസ്’ എന്ന നാമമാണ് ഇവയ്ക്ക്. ഈ കെട്ടുകഥയ്ക്ക് രണ്ടായിരം വർഷത്തിലധികം പഴക്കമുണ്ട്. ബി.സി നാലാം നൂറ്റാണ്ടിൽ ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ രാച്ചുക്കുകളും അവ മൂലം ആടിന് സംഭവിക്കുന്ന ഹാനികരമായ ആഘാതവും വളരെ വിവരിച്ചു എഴുതിയിരുന്നു. വളരെ ചെറിയ കൊക്കും വലിയ വായയുമായിരിക്കണം ഇങ്ങനെ ഒരു തെറ്റിദ്ധാരണ വരാൻ ഇടയാക്കിയത്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൗണ്ടിയായ യോർക്ക്ഷെയറിൽ ഇവയെ ജ്ഞാനസ്നാന പെടാതെ മരിച്ച കുട്ടികളുടെ ആത്മാക്കളായാണ് കാണുന്നത്. ഇങ്ങനെ പ്രാണികളെ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന പാവം പക്ഷികളായ ഇവയ്ക്ക് നമ്മുടെ നാട്ടിൽ മൂങ്ങയ്ക്കുള്ളത് പോലെ നല്ല ചീത്തപ്പേരാണുള്ളത് .

ഒരു വർഷത്തിനിടക്ക് രണ്ടു തവണ വന്നു പോകുന്ന ഇവയെ കാണാനും ചിത്രങ്ങൾ പകർത്താനും ഈ കോവിഡ്കാലത്തു സാധിച്ചു. എല്ലായിനത്തേയും ഒരു വർഷത്തിനിടക്ക് കാണുകയെന്ന കടമ്പ വിജയകരമായി പൂർത്തിയാക്കി എന്നതാണ് ഈ കൊല്ലത്തെ പ്രധാന നേട്ടം. കുവൈത്ത് ബേർഡ് വാച്ചർസ് ക്ലബ്ബ് എന്ന പക്ഷി നിരീക്ഷണ കൂട്ടായ്മയുടെ ഭാഗമായാണ് ഇത് സാധിച്ചത് .

Most Popular