
അയച്ച മെസേജുകൾ ഞൊടിയിടയിൽ അപ്രത്യക്ഷമാകുന്ന വാനിഷ് മോഡുമായി ഫേസ്ബുക്ക്
മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും വാനിഷ് മോഡുമായി ഫേസ്ബുക്ക്. വാനിഷ് മോഡ് അവതരിപ്പിക്കുന്നതിലൂടെ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും എഫെർമൽ മെസേജിംഗിൽ തങ്ങളുടേതായ വെർഷൻ കാഴ്ചവെയ്ക്കുകയാണ് . ചാറ്റ് ഹിസ്റ്ററിയിൽ കാണപ്പെടില്ല എന്നതാണ് വാനിഷ് മോഡിന്റെ പ്രത്യേകത. മെസേജുകൾ അപ്രത്യക്ഷമാകുന്ന സംവിധാനം ഒരിക്കൽ സ്നാപ്ചാറ്റിന്റെ സിഗ്നേച്ചർ ഫീച്ചർ ആയിരുന്നു. നിലവിൽ വാട്സാപ്പ്, ടെലഗ്രാം ചാറ്റിംഗ് ആപ്ലിക്കേഷനുകളിലും വാനിഷ് മോഡിന്റെ വിവിധ വെർഷനുകൾ കാണാവുന്നതാണ്.
ഇൻസ്റ്റഗ്രാം ഹോംപേജിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയിൽ അവതരിപ്പിച്ച ഇൻസ്റ്റഗ്രാം റീൽസ് ടാബ് ആഗോളതലത്തിൽ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഹോം പേജിന്റെ മുകൾ വശത്ത് വലതു ഭാഗത്തായി നോട്ടിഫികേഷൻ ബട്ടണും നാവിഗേഷൻ ബാറിൽ ഷോപ്പ് ബട്ടണും പുതുതായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഷോപ്പ് ബട്ടൺ അവതരിപ്പിച്ചിട്ടുള്ളത്.
ഇൻസ്റ്റഗ്രാമിലും മെസഞ്ചറിലും ഉപയോക്താക്കൾ ഡയറക്ട് മെസേജിംഗ് വഴി അയച്ച മെസേജുകൾ ചാറ്റ് ഹിസ്റ്ററിയിൽ കാണിക്കാതെ അപ്രത്യക്ഷമാക്കാൻ വാനിഷ് മോഡ് അനുവദിക്കും, ഇതിനായി മെസേജ് അയച്ച ശേഷം മെസേജ് ത്രെഡ് അഥവാ ചാറ്റ് ത്രെഡ് സ്വൈപ് ചെയ്താൽ മാത്രം മതി. രണ്ടാമതൊരു പ്രാവശ്യം കൂടി സ്വൈപ് ചെയ്ത് റെഗുലർ ചാറ്റ് മോഡിലേക്ക് വരാനും സാധിക്കും. ഫേസ്ബുക്ക് സുഹൃത്തുക്കളുമായുള്ള ചാറ്റിംഗിൽ മാത്രമേ വാനിഷ് മോഡ് പ്രാവർത്തികമാകുകയുള്ളൂ. അതായത് സ്വകാര്യ വൺ-ഓൺ- വൺ ചാറ്റുകളിൽ മാത്രം. ഗ്രൂപ് ചാറ്റുകളിൽ വാനിഷ് മോഡ് പ്രവർത്തിക്കുകയില്ല.
ഏറ്റവും പുതിയതായി വാട്സാപ്പ് അവതരിപ്പിച്ച ” Disappearing Messages” , എന്ന സംവിധാനത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് മെസെഞ്ചറും ഇൻസ്റ്റഗ്രാമും അവതരിപ്പിച്ച വാനിഷ് മോഡ്. Disappearing Messages -ന്റെ സ്ക്രീൻഷോട്ടും ഏഴു ദിവസം വരെ ചാറ്റ് ഹിസ്റ്ററിയിൽ നിലനിൽക്കുമെന്ന വസ്തുതയും വാനിഷ് മോഡുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാന ന്യൂനത തന്നെ. വാനിഷ് മോഡിൽ സ്വീകർത്താവ് വായിച്ചു കഴിഞ്ഞ ഉടനെ മെസേജ് ഡിലീറ്റ് അകും. ഡിലീറ്റ് ആകുന്നതിനു മുമ്പേ ആരെങ്കിലും സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ , അതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ മെസേജ് അയച്ചയാൾക്കു ലഭിക്കുകയും ചെയ്യും.
നിലവിൽ ചില രാജ്യങ്ങളിൽ മാത്രമേ ഇൻസ്റ്റഗ്രാമിലും മെസഞ്ചറിലും വാനിഷ് മോഡിന്റെ സാന്നിധ്യമുള്ളൂ. ഉടൻ തന്നെ ആഗോളതലത്തിൽ ഈ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.