Tuesday, May 18, 2021
Home Special GM Library യാത്രകൾ മറന്ന 'ജിപ്സിപെണ്ണ്'

യാത്രകൾ മറന്ന ‘ജിപ്സിപെണ്ണ്’

രുചിക്കുന്തോറും ആസ്വാദനം വർദ്ധിക്കുന്നു എന്നതാണ് കവിതയുടെ മഹത്വം. ‘അനർഗ്ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത ‘എന്ന് വേർഡ്സ് വേർത്. ‘മനുഷ്യന്റെ സർഗ്ഗക്രിയയ്ക്ക് പ്രാപ്യമാവുന്ന ഏറ്റവും ആനന്ദകരവും ഭദ്രവുമായ ഭാഷണമാണ് കവിത ‘എന്ന് ഷെല്ലി. വാക്കുകളെ വികാരത്തോട് ബന്ധപ്പെടുത്തി ലയാത്മകമായി പ്രയോഗിക്കുമ്പോൾ നമ്മൾ കവിതയുടെ ഗന്ധർവ്വലോകത്തേക്കു പ്രവേശിക്കുന്നു. ആ ലയം നമ്മളെ ആസ്വാദനത്തിന്റെ അവിസ്മരണീയത എന്തെന്ന് ബോധ്യപ്പെടുത്തുന്നു.

11kala-sajeevan

കല സജീവന്റെ ‘ജിപ്സിപ്പെണ്ണ് ‘എന്ന കവിതാസമാഹാരം ‘ഉന്മാദിനിയുടെ സുവിശേഷം’ മുതൽ ‘പലകാലങ്ങളിൽ, പല പെണ്ണുങ്ങൾളിൽ അവസാനിക്കുന്ന അമ്പത്തിയെട്ട് കവിതകളിലൂടെ സ്ത്രൈണ ലോകത്തിന്റെ ആഴങ്ങൾ വിഭാവനം ചെയ്യുന്നു. ഓരോ വരികളിലും ജീവിതത്തിന്റെ ഋതുക്കൾ ആലേഖനം ചെയ്തിരിക്കുന്നു. ‘ഉന്മാദിനികളുടെ സുവിശേഷത്തിൽ’ ഒരൊറ്റയൊരാളെ മാത്രം ദീർഘകാലമായി പ്രണയിക്കുകയെന്നത് വിരസമാണെന്ന് കവയിത്രി പറയുന്നു. എന്തെന്നാൽ സ്വേച്ഛാധിപതികളുടെ സാമ്രാജ്യം ഒരുനാൾ കടലെടുക്കുമെന്ന് ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്, എന്ന് അടിവരയിടുന്നതിലൂടെ പ്രണയത്തിന്റെ അസ്ഥിരതയാണ് ധ്വനിപ്പിക്കുന്നത്.

‘അയൽവീട്ടിലെ കുഞ്ഞുങ്ങൾ’ എന്ന കവിതയിൽ കവയിത്രി ഇങ്ങിനെ പറയുന്നു.
‘കുഞ്ഞുങ്ങളെക്കുറിച്ചു മാത്രമാണ്
എനിക്ക് വേവലാതി
അവരുടെ ഉറക്കത്തെക്കുറിച്ചു മാത്രമാണ്
അതിർത്തികളിൽ ചിതറുന്ന
ചോരയെ കുറിച്ചു മാത്രമാണ്
‘അതിർത്തിയിൽ ചിതറുന്ന ചോരയിൽ ഉറക്കം അലോസരപ്പെടുന്ന കുഞ്ഞുങ്ങൾ.. മാതൃസഹജമായ ആർദ്രതയിൽ ഉരുവം കൊള്ളുന്ന കവയിത്രിയുടെ വേവലാതിയാണ്. പ്രണയം പലഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് കലയുടെ കവിതകളിൽ. പ്രണയവുമായി കണ്ണുപൊത്തിക്കളിക്കുകയാണ് കവയിത്രി. പ്രണയത്താൽ വാഴ്ത്തപ്പെട്ടവളും, അപരാധിനിയുമായിത്തീരുന്നു പലപ്പോഴും. പ്രണയിനിയുടെ പാനപാത്രം നിറയെ ഞാവൽ പഴചാറ് ആണെന്ന് കവയിത്രി പറയുന്നു. ഇടവേളകളിൽ പനിനീർപൂവിതൾ ചവയ്ക്കുന്നത് കൊണ്ടാണ് അവൾ പ്രണയത്തിൽ ചുവപ്പും വിരഹത്തിൽ കരിനീലയുമാവുന്നത്. പെണ്ണിനെ കന്യകയും ദുർനടപ്പുകാരിയുമാക്കുന്ന പ്രണയങ്ങൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ. പ്രണയം തിരുമുറിവ് ആയി അവശേഷിക്കുന്നു പലപ്പോഴും.

ഒരു കറുത്ത മറുക്, ആരും കാണാത്തിടത്തെ മുറിപ്പാട്, താത്രി നീൾക്കണ്ണിൽ ഉടലോടെ പകർത്തി വെച്ചു, അങ്ങിനെയാണ് നേരമൊന്ന് ഇരുട്ടിവെളുത്തപ്പോൾ അറുപത്തിനാല് കലകളുണ്ടായതെന്ന് താത്രിയുടെ ശരീരചരിതത്തിൽ നിന്നും മനോഹരമായി ശരീരരാഷ്ട്രീയം പറയുന്നു ‘ബോഡി പൊളിറ്റിക്സ് ‘എന്ന കവിതയിൽ. പല കാലങ്ങളിൽ പല പെണ്ണുങ്ങൾ എന്ന കവിത ആഖ്യാതാവിന്റെയും വെർജീനിയയുടെയും നൂറ്റാണ്ടുകൾക്കിപ്പുറവും മാറ്റമില്ലാതെ നിൽക്കുന്ന അപര ലോകങ്ങളെക്കുറിച്ചാണ്. കാഴ്ചയിൽ അല്ലാതെ മറ്റൊരിടത്തും നിലനില്പില്ലാത്ത തൊട്ടാൽ പൊടിയുന്ന ചിത്രശലഭമാണ് കവിത. അത്രമേൽ മൃദുലമായത്. നൂതനമായൊരിടത്തു നിൽക്കുമ്പോഴും പ്രാചീനയാവാനും കവിയ്ക്കു കഴിയുന്നു.

Most Popular