മാങ്ങാ മണമുള്ള പ്രണയങ്ങള്‍

Mango-scented romances

പ്രണയത്തിന്റെ മണമെന്താണ്? ആപ്പിളിന്റെ മണമെന്ന് അന്ന അഖ്മത്തോവ. ചിലപ്പോൾ പേരക്കയുടേത്, ചിലപ്പോൾ നെല്ലിക്കയുടേത്, ചിലപ്പോൾ ഇലഞ്ഞിപ്പൂവിന്റേത്. വി.ആർ സുധീഷിന്റെ കടുക്കാച്ചി മാങ്ങ എന്ന കഥ വായിക്കുമ്പോൾ അതിന് മാങ്ങാ ചുനയുടെ മണമാണ്. പല തരം മാങ്ങകളുടെ മധുരം കിനിയുന്ന മണം. മാങ്ങാച്ചുന അൽപം നീറ്റലുള്ളതാണ്. ഈ കഥ വായിച്ചു തീരുമ്പോൾ ആ നീറ്റൽ നമ്മളിലേക്ക് പടരും. ഗീതാമണിയെന്ന കുഞ്ഞു പാവാടക്കാരിയോട് സദുവിനുണ്ടായിരുന്നതു പോലെ സ്നേഹം തോന്നും. അവളുറങ്ങുന്ന പച്ചമണ്ണിൽ ഒരു കടുക്കാച്ചി മാങ്ങ നിവേദിച്ച് കണ്ണു നിറച്ചു തിരികെ പോരും. പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്ക് സ്വപ്ന പുസ്തകം എന്ന കഥ പ്രിയപ്പെട്ടതാവാതെ വഴിയില്ല. പുസ്തകപ്രേമികളെ നടുക്കുന്ന ദുരന്തങ്ങളാണ് അപ്രതീക്ഷിത പ്രളയകാലത്ത് അരങ്ങേറിയത്. എത്രയോ അമൂല്യ ഗ്രന്ഥങ്ങൾ, ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കുതിർന്നൊഴുകിപ്പോയി. എത്രയെത്ര വായനശാലകൾ നിലംപൊത്തി. വായന ഒരു ശീലമായിരുന്ന മുൻ തലമുറയുടെ തിരിച്ചുപിടിക്കാനാവാത്ത ചില ആദർശ സങ്കൽപങ്ങൾ പോലെ അവയും കാലപ്രവാഹത്തിൽ മറഞ്ഞു. (അക്ഷരാർത്ഥത്തിൽ അതൊരു നഷ്ട പ്രവാഹമായിരുന്നു). സ്വപ്ന പുസ്തകമെന്തെന്ന ലൈബ്രേറിയൻ ചന്തുക്കുഞ്ഞിന്റെ തിരിച്ചറിവിലാണ് കഥ അവസാനിക്കുന്നത്. ലൈബ്രറിയിലെ പുസ്തകങ്ങൾ അതിനു മുന്നേ അവസാനിച്ചിരുന്നു.

പൂന്തോട്ടത്തിൽ ഇലഞ്ഞി എന്ന കഥയിൽ ജാതിയുണ്ട്. ജാതിമരമല്ല സാക്ഷാൽ ജാതി തന്നെ. വൃദ്ധ പരിചരണത്തിനാളെ തെരയുന്നതു പോലും ജാതിയുടെ അടിസ്ഥാനത്തിലാണ്. നടപ്പു കേരളത്തിൽ ഇക്കാര്യം കൗതുകമല്ലാതായിത്തീർന്നിരിക്കുന്നു. ജാതിയിൽ ഹോമിക്കപ്പെട്ട ഒരു പ്രണയമുണ്ട് ഈ കഥയിൽ. അരഞ്ഞാണം കെട്ടിത്തരാൻ അയിത്തമില്ല, കഴുത്തിലൊരു താലികെട്ടാൻ അതുണ്ട് താനും- എന്നു പറയുന്നുണ്ട് പരിമളാമ്മ. അവരുടെ പേരു പോലെ കഥയിൽ നിറയെ പരിമളങ്ങളുണ്ട്. പൂന്തോട്ടത്തിലെ പേരറിയാ പൂക്കളുടെ, ഇലഞ്ഞിയുടെ, വാർദ്ധക്യത്തിന്റെ, പ്രണയത്തിന്റെ – ഇതിനെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ജാതിയുടെ ദുർഗന്ധവും.

v-r-sudheesh

മദ്യശാല ഒരു നിഗൂഢ സ്ഥലിയാണ്. പലരുടെ കാഴ്ചയിൽ പലതായി കഥയിൽ കവിതയിൽ അത് കടന്നു നിൽക്കുന്നുണ്ട്. അതിന് പുരുഷൻമാരുടെ വിഹാര രംഗമെന്ന സാമാന്യ ധാരണയുള്ളതുകൊണ്ടു കൂടിയാവാം ഒരനിശ്ചിതത്വവുമുണ്ട്. മലഞ്ചെരിവിലെ മദ്യശാല എന്ന കഥയിൽ ദുരൂഹതയുടെ പുകമറയുണ്ട്. തന്റെ പാനപാത്രത്തിൽ ചുണ്ടു പേർത്ത അന്യനോടുള്ള നിസ്സഹായമായ കരുതലോടെ കഥയവസാനിക്കുന്നു. അത് നിഷ്ഫലമാണല്ലോ എന്ന് നടുങ്ങാനല്ലേ നമുക്കാവൂ.

അനുഭവങ്ങൾ ഉണ്ടായാൽ പോരാ. അതിൽ ചവുട്ടി നിൽക്കാനാവണം. അത് വർണിച്ചെഴുതാനുള്ള കരുത്തില്ലാതെ പോയ എഴുത്തുകാരനാണ് താമരക്കാട് എന്ന കഥയിലെ ജോൺ. പാദസരം പോലുള്ള അനേകം ജനപ്രിയ നോവലുകളുടെ രചയിതാവ്. ഒരു കാലത്ത് തന്നെ വായനക്കാരനാക്കിയ അതു വഴി പത്രപ്രവർത്തകനാക്കിയ എഴുത്തുകാരനെ തേടി കാലങ്ങൾക്കിപ്പുറം ഒരാൾ നടത്തുന്ന യാത്രയാണിത്. പൈങ്കിളി സാഹിത്യമെന്ന് എഴുതിത്തള്ളിയ പുറങ്ങൾ മലയാള വായനാ ചരിത്രത്തിലെ മൂല്യവത്തായ അദ്ധ്യായങ്ങളിലൊന്നായിരിക്കും എന്നുറപ്പാണല്ലോ. ഓൻ എന്ന കഥ തലമുറയ്ക്കിടയിലെ ഒരു വിടവാണ്. കത്തിമുന കൊണ്ട് ഹൃദയത്തിൽ അമർത്തിക്കോറിയാൽ അത്തരം വിടവുണ്ടാക്കാൻ നിങ്ങൾക്കു പറ്റും. ഒന്നുമൊന്നും ഓർത്തുവെക്കാത്ത, മനസ്സിൽ സ്നേഹത്തിന്റെ നനവില്ലാത്ത, പ്രയോജനവാദികൾ മാത്രമായ ഒരു തലമുറയുടെ പ്രതിനിധിയായി ഓൻ നിൽക്കുന്നു. നമുക്കറിയാം ഓനെ. നടുക്കത്തോടെയെങ്കിലും ഓർക്കുക, ചിലപ്പോൾ അത് നമ്മളുമാണല്ലോ.

വവ്വാൽ പ്രണയ പ്രതീകമായി വരുന്ന കഥയാണ് പണ്ടത്തെ പ്രേമകഥയിലെ വവ്വാൽ. നിപ്പക്കാലം, വവ്വാലുകളെ സ്നേഹിച്ച പഴയ പ്രണയിനിയെ അവിചാരിതമായി കണ്ടുമുട്ടുകയാണ്. കൃഷ്ണവേണിയെ ചുഴന്ന് പഴയ വവ്വാലുകൾ. രോഗകാലത്തെ രതി, അതെങ്ങനെ ആയിരിക്കും. ഭീതിദമായിരിക്കും. ആ ഭീതി ഇക്കഥയിലുണ്ട്. കൊറോണക്കാലത്തെ കമിതാക്കൾ ചുംബിക്കുന്നതെങ്ങനെ? പ്രണയത്താൽ അതിജീവിക്കുന്ന മനുഷ്യരെ കൊണ്ട് ഈ ഭൂമി നിറയട്ടെ എന്നു പ്രത്യാശിക്കുന്നു. അനുപ്രിയയുടെ അച്ഛനെ തേടി പ്രസാദ് മാഷ് എത്തുകയാണ്. വിരമിച്ചതിന്റെ പിറ്റേന്ന്. വിരമിച്ചുവെങ്കിലും അയാളിൽ യുവത്വമുണ്ട്. അവിവാഹിതനായ അയാൾക്ക് ഇനി തന്റെ പുതിയ കർമരംഗത്തേക്ക് പ്രവേശിക്കേണ്ടതുണ്ട്. അതിന്റെ രഹസ്യം അനുപ്രിയയുടെ അച്ഛനുമാത്രമേ അറിയൂ. ഉള്ളു പിടിച്ചുലയ്ക്കുന്ന കഥയാണിത്. അനുപ്രിയ കഥയിലില്ല. എന്നാൽ കഥയിലുടനീളമുണ്ട്. അവൾ തൊട്ടു മുൻപേ നടന്നു പോയ പെൺകുട്ടിയാണ്. നമുക്കവളെ അറിയാം.

ഭൂമിയിലെ നക്ഷത്രങ്ങളെ താനറിയാതെ തൊട്ടവനാണ് കണ്ണച്ചൻ. മുടിയും താടിയും മിനുക്കുന്നവൻ. തന്റെ മുന്നിലിരിക്കുന്നവർ ആരെന്നറിയാതെ ഒട്ടേറെ ഒളിവു ജീവിതങ്ങൾക്ക് മുഖശോഭ നൽകിയവൻ. അതിൽ ഇ.എം എസും എ.കെ.ജി യുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും അവനെ തേടിയെത്തി. ആരെയും തിരഞ്ഞു പോവാൻ കണ്ണച്ചനറിവില്ലായിരുന്നു. അയാളുടെ മകൻ ഗിരീശനാവട്ടെ അമിതാഭ് ബച്ചനേയും പ്രേം നസീറിനെയും ആരാധിച്ചു നടന്നു. അവരെയൊന്നു കാണാൻ കൊതിച്ചു കാലം പോക്കി. ഒടുവിൽ കാണാതെയും ജീവിച്ചു. അച്ഛനു വേണ്ടി നക്ഷത്രങ്ങൾ മണ്ണിലിറങ്ങി വന്നു. മകൻ മണ്ണിലിരുന്ന് നക്ഷത്രങ്ങളെ നോക്കിക്കൊതിച്ചു. അന്തിമാനം എന്ന കഥ നമ്മളെ ദാനാമാജിയെ ഓർമ്മിപ്പിക്കും. സമകാല ഇന്ത്യനവസ്ഥ ഓർമിപ്പിക്കും. ശവം കുഴിച്ചിടാൻ ഒരു തരിമണ്ണില്ലാത്ത, പെണ്ണിനെ പിടിച്ചുപറിക്കാൻ ചുറ്റും ദുഷ്ടക്കൂട്ടങ്ങളാർക്കുന്നത് തടയാനാവാത്ത ശരാശരി മനുഷ്യന്റെ ദുരിതകഥയാണിത്. ഒരു കാവ്യ കഥയിൽ വൈലോപ്പിള്ളി മാഷുണ്ട്. ഭാനുമതി ടീച്ചറുണ്ട്. കവിതയുടെ പൂർണതയുണ്ട്. അപൂർണമായ ദാമ്പത്യമുണ്ട്. എന്നും സമാന്തര രേഖയിൽ സഞ്ചരിച്ച രണ്ടു വ്യക്തികൾ അവരായിത്തന്നെ തുടരുന്നതാണ് ഈ കഥ. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തെറിച്ചുവീണ റോയ് പീറ്ററെ ൻഷ്യനുമ എന്ന കഥയിൽ കാണാം. അയാൾ ഒരു കഥാകാരനാണ്. ജീവിതമെഴുതി മടുത്തിട്ടാവാം അയാൾ കഴുത്തിൽ കുരുക്കിട്ടത്. സ്നേഹലതയെന്ന കൂട്ടുകാരിയാണ് അയാളെ മരണത്തിൽ നിന്നും രക്ഷിച്ചത്. അവൾക്കതു ചെയ്യാതെ വയ്യല്ലോ അവൾ സ്നേഹം നിറഞ്ഞ കൈകൾ ഉള്ളവളല്ലേ. അടുത്ത തവണ അയാളെ രക്ഷിക്കാൻ അവൾക്കാവുമോ?

കഥ പറച്ചിലുകാരനും പ്രണയിനിയും ഒന്നായപ്പോൾ സംഭവിച്ചതാണ് കടുക്കാച്ചി മാങ്ങ എന്ന സമാഹാരത്തിലെ കഥകളെല്ലാം തന്നെ. എല്ലാ പ്രണയികളും നടന്നെത്തുന്നത് കരുണയുടെ തീരത്താണ് എന്ന തിരിച്ചറിവ് ഈ കഥകൾ പകരുന്നുണ്ട്. അതെ, പകരുന്ന വികാരങ്ങളാണ് ഈ കഥകളിലെല്ലാമുള്ളത്. അതു തന്നെ എഴുത്തുകാരന്റെ കൈയൊതുക്കം. കഥയുടേതും. ഹൃദ്യവും സുന്ദരവുമായ അനുഭൂതിയായി ഈ സമാഹാരത്തിലെ ഓരോ കഥയും വായനക്കാരിൽ അവശേഷിക്കുമെന്നുറപ്പാണ്.