Tuesday, May 18, 2021
Home Special GM Library രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും

രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും

പ്രാദേശികബോധം വളരെ മൗലികവും സ്വാഭാവികവുമായ ഒരു വിവേചനോപാധിയായി മനുഷ്യൻ തന്റെ സാമൂഹ്യജീവിതം ആരംഭിച്ചതുമുതൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടാകണം. കേരളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളുടെയും അവയുടെ ഭൂപ്രകൃതി, സംസ്കാരം, ജീവിതശൈലി എന്നിവയുടെയും പ്രതിഫലനം ഇത്തരത്തിൽ പല ഉച്ചനീചത്വങ്ങളും മാനവിക പൊതുബോധത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. ഡോ. കെ. എൻ. ഗണേഷിന്റെ ”കേരളത്തിന്റെ ഇന്നലെകൾ” എന്ന പുസ്തകത്തിൽ ഇതിന്റെ ചരിത്രപരവും സാമ്പത്തികവുമായ പാശ്ചാത്തല വിവരങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടോടു കൂടി കാർഷികാടിസ്ഥാനത്തിലുള്ള ഒരു നാഗരീക സ്വഭാവംതിരുവിതാംകൂറിന്റെ സമ്പദ്വ്യവസ്ഥയിലും സംസ്കാരത്തിലും ഉടലെടുക്കുന്നതായി ഈ പുസ്തകം പറയുന്നുണ്ട്. തുടർന്ന് കച്ചവടം അടക്കമുള്ള എല്ലാ മേഖലയിലും നാഗരീകതയുടെ സ്വഭാവം തിരുവിതാംകൂറിൽ കടന്നു വരുന്നുണ്ട്.

ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വടക്കൻ മലബാറുകാരായ രണ്ടു സ്ത്രീകളുടെ ക്ഷമാപണരഹിതമായ സ്വാതന്ത്ര്യ(Unapolagetic freedom)ത്തിന്റെ കഥ പറയുകയാണ് ഡോ.ആർ.രാജശ്രീ ”കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന നോവലിലൂടെ. തികച്ചും വൈയ്യക്തികമായി സമീപിക്കുകയാണെങ്കിൽ വായനയിൽ ഒരു താദാത്മ്യാനുഭവം സമ്മാനിച്ച വളരെ ചുരുക്കം കൃതികളിൽ ഒന്നാണ് ഇത്.

1852-ൽ കാതറിൻ ഹന്നാ മാലൻസ് എന്ന ക്രിസ്തീയ മിഷനറി പ്രവർത്തക ബംഗാളിയിൽ എഴുതി, റവ.ജോസഫ് പീറ്റ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത നോവൽ ആണ് ”ഫുൽമോണി, കോരുണ എന്ന് പേരായ രണ്ടു സ്ത്രീകളുടെ കഥ”. ദൈവഭയം ഉള്ളവളും സത്സ്വഭാവിയുമായ ഫുൽമോണിയുടെയും താന്തോന്നിയും ലൗകീകസുഖങ്ങളെ ഇഷ്ടപ്പെടുന്നവളുമായ കോരുണയുടെയും കഥ പറയുന്ന നോവൽ ഒരു ‘സദാചാരസംഹിത (Morality text)’ ആയാണ് കാതറീൻ മാലൻസ് രചിച്ചതെന്ന് നമുക്ക് ഊഹിക്കാം. കഥയിൽ അവസാനം നന്മയുടെ വെളുപ്പ് തിന്മയുടെ കറുപ്പിനെ ജയിക്കുന്നു.

ഈ സദാചാരപാഠത്തെ പേരുകൊണ്ട് പോലും പ്രകടമായി കളിയാക്കുകയാണ് രാജശ്രീയുടെ നോവൽ. പ്രധാനകഥാപാത്രങ്ങളായ കല്യാണിയും ദാക്ഷായണിയും ഈ ലോകത്തെ തങ്ങളുടെ ലൗകീകമായ പ്രശ്നങ്ങളെ അങ്ങനെതന്നെ നേരിടുന്ന ‘ഗ്രേ ഷെയ്ഡു’ള്ള കഥാപാത്രങ്ങളാണ്. കറുപ്പ്-വെളുപ്പ്, നന്മ-തിന്മ, ഭൗതികം-ആത്മീയം, തുടങ്ങിയ ദ്വന്ദ്വവിപരീതങ്ങളെ അഥവാ ബൈനറി ഓപ്പോസിറ്റുകളെ ഉടച്ചുവാർക്കുകയാണ് എഴുത്തുകാരി തന്റെ നായികമാരിലൂടെ ചെയ്യുന്നത്.
ബ്ലാക്ക് അമേരിക്കൻ നോവലിസ്റ്റും പുലിറ്റ്സർ പ്രൈസ് ജേതാവുമായ ആലിസ് വാക്കറുടെ ”ദ കളർ പർപ്പിൾ” എന്ന നോവലുമായി പല ഘടകങ്ങളിലും രാജശ്രീയുടെ നോവൽ സാമ്യത പുലർത്തുന്നു. ആലിസ് വാക്കർ, അന്നത്തെ മുഖ്യധാരാഫെമിനിസം കറുത്ത വർഗക്കാരായ സ്ത്രീകളെ മാറ്റിനിർത്തിയപ്പോൾ രൂപം നൽകിയ ‘വുമനിസം’ എന്ന ആശയവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. ഫെമിനിസത്തെയും മറ്റ് അനേകം ആന്തരികമായ വിവേചനങ്ങളെയും (ജാതി, വംശം, വർണം, ലിംഗം, ദേശം, സെക്ഷ്വാലിറ്റി) ഉൾകൊള്ളുന്ന ഒരു ഛത്രപദ(Umbrellaterm) മാണ് വുമനിസം. അത് സ്ത്രീത്വത്തിന്റെയും സ്ത്രൈണതയുടെയും ആഘോഷമാണ്. സ്ത്രീകളെല്ലാം സ്ത്രീകളായിരിക്കുന്നതുകൊണ്ടു മാത്രം തങ്ങളുടെ അനുഭവങ്ങളിലും പ്രശ്നങ്ങളിലും ഒരു സമാനത കാണുമെന്നും അത് പങ്കുവയ്ക്കപ്പെടെണ്ടതാണ് എന്നും വുമനിസം പറയുന്നു. ഇരട്ടവിവേചനം അഥവാ ഡബിൾ ഡിസ്ക്രിമിനേഷൻ ആണ് വുമനിസത്തിന്റെ അടിത്തറ. അമേരിക്കയുടെ സാഹചര്യമനുസരിച്ച് കറുത്ത വർഗ്ഗക്കാരിയായ ഒരു വനിത തന്റെ വർഗത്തിന്റെയും ജെൻഡറിന്റെയും അടിസ്ഥാനത്തിൽ വിവേചനം നേരിടുന്നു. ഇന്ത്യയിൽ ദളിത്സ്ത്രീകളും ഇരട്ടവിവേചനത്തിന്റെ ഇരകളാണ്. എന്നാൽ നോവലിൽ, കല്യാണി ദാക്ഷായണിമാർ വിവേചനം നേരിടുന്നത് പ്രദേശത്തിന്റെ പേരിലാണ്. തെക്കൻ കേരളത്തിൽ നിന്നുള്ള പുരുഷന്മാർ മലബാറിലെ മണ്ണിനോടും പെണ്ണിനോടും കാണിച്ചിരുന്ന അധികാരത്തിന്റെ കഥയാണത്. ഈ നോവലിനെ തീർത്തും ഫെമിനിസ്റ്റ് നോവൽ എന്ന് വിളിക്കാൻ കഴിയില്ലെന്ന് നോവലിന് ആമുഖമെഴുതിയ ശ്രീ. എൻ. ശശിധരൻ പറയുന്നുണ്ടെങ്കിലും അത് സാധൂകരിക്കാൻ അദ്ദേഹത്തിനാവുന്നില്ല.
കഥാപാത്ര നിർമ്മിതിയിലാണ് രാജശ്രീയിലും ആലിസ് വാക്കറിലും സമാനതകൾ കാണാൻ കഴിയുന്നത്. ”ദ കളർ പർപ്പിളി”ലെ മുഖ്യകഥാപാത്രമായ സെലിയുടെ, ക്രൂരനും ഷോവനിസ്റ്റും ആയ ഭർത്താവിന്റെ കഥാപാത്രത്തിനെ നോവലിലുടനീളം mr._ എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഇവിടെ ദാക്ഷായണിയുടെ ഭർത്താവിനെ നോവലിൽ ഉടനീളം അയാളുടെ തൊഴിലിന്റെ പേരിൽ ‘ആണിക്കാരൻ’ എന്നാണ് പ്രതിപാദിക്കുന്നത്. ഇത്തരം നാമകരണം സ്ത്രീകളുടെ മനസ്സിൽ ഈ പുരുഷന്മാരുടെ സ്ഥാനം എത്ര പരിമിതവും ശൂന്യവും ഭീതികരവും ആണെന്ന് പറഞ്ഞുവെക്കുന്നു. ഇത്തരം കഥാപാത്രങ്ങൾ ഒരു വ്യക്തിയല്ല, മരിച്ച ഒരുപാട് പേരുടെ പ്രതിനിധി ആണെന്ന് കൂടി ഇത് അർത്ഥമാക്കുന്നുണ്ട്.

നോവലിന്റെ കേന്ദ്രബിന്ദുക്കളായ കല്യാണിയും ദാക്ഷായണിയും ചെറുപ്പം മുതലുള്ള ഉറ്റ ചങ്ങാതിമാരാണ്. ഇരുവർക്കും ഒരുപാട് സമാനതകളും വൈരുധ്യങ്ങളുമുണ്ട്. ജീവിതത്തോടുള്ള കാഴ്ചപ്പാട് ഇരുവർക്കും സമാനമാണ് എങ്കിലും ജീവിതം രണ്ടു പേരെയും ആദേശം ചെയ്തത് രണ്ടു തരത്തിലാണ്.

നോവലിന്റെ പ്രധാനചർച്ചാവിഷയങ്ങളിൽ ഒന്ന് വടക്കും തെക്കും തമ്മിലുള്ള സംസ്കാരത്തിന്റെയും അധികാരത്തിന്റെയും ക്രയവിക്രയങ്ങൾ തന്നെയാണ്. മലബാറിലേക്കുള്ള തിരുവിതാംകൂറുകാരുടെ കുടിയേറ്റത്തിന്റെ പശ്ചാത്തലം രാജശ്രീ വളരെ വ്യക്തമായി നോവലിന്റെ പലയിടത്തും വിതറിയിട്ടിട്ടുണ്ട്. ദാക്ഷായണിയുടെ ഭർത്താവായ ആണിക്കാരനും ആഖ്യാതാവിന്റെ ഭർത്താവായ വിനയനും എൻജിനിയറും എല്ലാം തെക്കർക്ക് മലബാർകാരോടുള്ള സമീപനം വരച്ചിടുന്നു. തെക്കന്മാർ മലബാറുകാരോട് കാണിക്കുന്ന സാംസ്കാരിക അധികാരം (Cultural Hegemony) നോവലിൽ പലയിടങ്ങളിലും കാണാം. തിരുവിതാംകൂറുകാരുടെ കൗശലവും സ്വാർത്ഥബുദ്ധിയും കുടുംബം എന്ന സ്ഥാപനത്തെ എങ്ങിനെ അധികാരകേന്ദ്രമാക്കി മാറ്റിക്കൊണ്ട് നടപ്പിലാക്കുന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. താരതമ്യേന നാഗരീകത കൂടിയ ഇടമായാണ് നോവലിൽ തെക്ക് രൂപപ്പെടുന്നത്. മലബാറാകട്ടെ തികച്ചും അസംസ്കൃതവും വന്യവും ആണെന്ന് കാണിക്കുന്നു.
മലബാറിലെ ഭൂപ്രകൃതി പോലെതന്നെ വളരെ അസംസ്കൃതവും വന്യവുമാണ് നോവലിൽ ഉടനീളം നമ്മൾ പരിചയപ്പെടുന്ന മലബാറിലെ സ്ത്രീകളും. കല്യാണിയും ദാക്ഷായണിയും ചേയിക്കുട്ടിയും വല്ല്യേച്ചിയും തുടങ്ങി ആഖ്യാതാവ് അടക്കമുള്ളവർ ഒട്ടും ഇണക്കപ്പെടാത്ത, സ്വതന്ത്രരായ സ്ത്രീകളാണ്. നോവലിന്റെ വളരെ ചെറിയൊരു ഭാഗത്ത് മാത്രം എത്തിനോക്കുന്ന നബീസു പോലും സ്വയം പര്യാപ്തയായ, അതിനു വേണ്ടി പൊരുതുന്ന സ്ത്രീയാണ്. ഈ സ്വയംപര്യാപ്തതാബോധമാണ് ആണിക്കാരന് തന്റെ സമ്പാദ്യം എണ്ണിക്കൊടുക്കുന്നതിൽ നിന്ന് ദാക്ഷായണിയെ പിന്തിരിപ്പിക്കുന്നത്. സ്വന്തം ലൈംഗീകതയെയും തങ്ങളുടെ ‘വീറ്റോ പവറാ’യി മാറ്റാൻ ഈ സ്ത്രീകൾക്ക് കഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ആണിക്കാരനെയും കോപ്പുകാരനേയും അവർ ജയിക്കുന്നത് അങ്ങനെയാണ്. എത്രയൊക്കെയായാലും സ്വന്തം സ്വാതന്ത്ര്യം ഉറപ്പിക്കാൻ കുഞ്ഞിപ്പെണ്ണിന് കഴിയാത്തത്, അവൾ തെക്കുനിന്നുള്ള സംസ്കൃതവും പരിഷ്കൃതവുമായ ചുറ്റുപാടിന്റെ സന്തതി ആയതുകൊണ്ടാണ്.

മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെയും അവിടുത്തെ ഭൂപ്രകൃതിയുടെയും സ്ത്രീകളുടെയും ബന്ധത്തെക്കുറിച്ചും പറയുക വഴി, പ്രകൃതിയും സ്ത്രീയും ഒന്നാണെന്നും അവരുടെ സഹനവും അവർ നേരിടുന്ന ചൂഷണവും സമാനമാണെന്നും ഉള്ള ‘ഇക്കോ ഫെമിനിസ്റ്റ്’ ചിന്തയുടെ പ്രതിഫലനം നോവലിൽ ഉണ്ടാവുന്നുണ്ട്. മലബാറിലെ നിലവും പെണ്ണുമൊന്നും ‘ഉരുപ്പടി’കളായി കണക്കാക്കപ്പെടാതിരുന്ന നാൽപതുകളാണ് നോവലിന്റെ ഭൂമിക. അതുകൊണ്ട് തന്നെയാണ് ആണിക്കാരന്റെ ”ഞാൻ, എന്റെ ഫാര്യ, എന്റെ കൊച്ചുങ്ങൾ” എന്ന കുടുംബസങ്കല്പം ദാക്ഷായണിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്.

ദേശം, വീട്, നാട് എന്നീ ഘടകങ്ങളെല്ലാം തന്നെ ഒരു സ്വായത്തബോധ(Sense of belonging)ത്തിന്റെയും പ്രവാസബോധത്തിന്റെയും(Diasporic feeling) ഹേതുവായി പ്രത്യക്ഷപ്പെടുന്നുണ്ട് നോവലിൽ; പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ ഇതെത്രമാത്രം രൂക്ഷമാണ് എന്ന് കൂടി നോവൽ വരച്ചിടുന്നു. വിവാഹാനന്തരം സ്വന്തം എന്നൊരു ഇടം എവിടെയും ഇല്ലാതാകുന്ന അവസ്ഥ ദാക്ഷായണിയെ അസ്വസ്ഥയാക്കുന്നുണ്ട്. ഒരു മേലധികാരിയും ഓഡിറ്ററുമായുള്ള ഒരു പുരുഷന്റെ കടന്നുകയറ്റം അവർക്ക് സഹിക്കാനാവുന്നതല്ല. അവിടെ നിന്നാണ് സ്വന്തമായി പശുവിനെ വാങ്ങിക്കൊണ്ട് വ്യക്തിത്വം സ്ഥാപിക്കാൻ ദാക്ഷായണി തീരുമാനിക്കുന്നത്. കൊല്ലത്തെ ഭർതൃഗൃഹത്തിൽ എത്തുന്ന ദാക്ഷായണി, അവിടുത്തെ പശു പോലും തന്റെ സ്വന്തമല്ല എന്ന് മനസ്സിലാക്കുന്നുണ്ട്. സ്വന്തം വേരിലേക്കുള്ള, ഇടത്തിലേക്കുള്ള ദാക്ഷായണിയുടെ മടക്കം നോവൽ അടയാളപ്പെടുത്തുന്നു. തിരിച്ചുവരവിൽ നാട് തന്നെ പഴയതുപോലെ അല്ല ഉൾകൊള്ളുന്നത് എന്ന് അവൾ അറിയുന്നുണ്ട്. സ്ത്രീകൾക്ക് വേരില്ല എന്ന് സമൂഹം പറയുന്നുണ്ട് അവിടെയൊക്കെ.

വീടെന്ന സ്ഥാപനത്തിനപ്പുറം വീടെന്ന അവസ്ഥയെ കണ്ടെത്താൻ ബോധപൂർവമായ ശ്രമം നോവലിൽ രാജശ്രീ നടത്തുന്നുണ്ട്. കല്യാണിയുടെ ജീവിതത്തിൽ വീടെന്ന ഘടകത്തിന് വലിയ പ്രാധാന്യമുണ്ട്. കോപ്പുകാരന്റെ അമ്മ ചേയിക്കുട്ടിയും കല്യാണിയും അന്യോന്യം വീടായി തിരിച്ചറിയപ്പെടുന്ന നിമിഷങ്ങൾ കഥയിലെ ഏറ്റവും സ്നിഗ്ധമായ നിമിഷങ്ങളാണ്. സ്നേഹബന്ധങ്ങൾ അറിയാതെ രൂപപ്പെടുന്നവയാണ് എന്നും അവയ്ക്ക് സദാചാരപരിധികൾ ഒന്നും ബാധകമല്ല എന്നും ചേയിക്കുട്ടിയും കല്യാണിയും ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി തിരിച്ചറിയുന്നു. കല്യാണിക്ക് ലക്ഷ്മണനുമായുള്ള ബന്ധമറിഞ്ഞിട്ടും ചേയിക്കുട്ടിക്കോ കോപ്പുകാരനോ കല്യാണിയെ തിരസ്കരിക്കാൻ കഴിയുന്നില്ല. ലക്ഷ്മണന്റെ മിതഭാഷിയും ‘സത്സ്വഭാവിയു’മായ ഭാര്യയ്ക്ക് കല്യാണിയോളം ഒരു വീടൊരുക്കാനും കഴിയുന്നുമില്ല.
കല്യാണി അനുഭവങ്ങളിലൂടെ അറിയുന്ന വീടും നാടുമല്ല ദാക്ഷായണി തന്റെ അനുഭവങ്ങളിലൂടെ അറിയുന്നത്. അതിന്റെ പ്രക്ഷിപ്തമായ പ്രകടനമാണ് ദാക്ഷായണി ”മംഗലം കൊണ്ട് ചെലയാക്ക് രണ്ട് നാട്, രണ്ട് ബീട്, രണ്ടച്ചൻ, രണ്ടമ്മ എല്ലം എരട്ടി. ചെലയാക്ക് ഉള്ളതും പോയെന്റുണ്ണിയമ്മേന്ന കത പോലെയാവും.” എന്ന് പറയുന്ന ഭാഗം.

പശു നോവലിന്റെ ഒരു അവിഭാജ്യഘടകമായി വർത്തിക്കുന്നുണ്ട്. കഥയുടെ പല ഭാഗത്തായി പശു ഒരു രൂപകമായും ചിഹ്നമായും ആഘ്യാതാവായും അധികാർത്ഥ(hyponymy)മായുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാവിയിൽ സംഭവിക്കേണ്ട കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞുവയ്ക്കുക(foreshadowing) എന്നത് സാഹിത്യത്തിലെ ഒരു സങ്കേതമാണ്. ഈ നോവലിൽ അത്തരം രംഗങ്ങളെല്ലാം വിവരിക്കുന്നത് പശുവിനെ സർവജ്ഞനായ ആഖ്യാതാവാക്കിക്കൊണ്ടാണ്. രണ്ട് വ്യത്യസ്ത വാദമുഖങ്ങൾ അവതരിപ്പിക്കാനും, കല്യാണിയുടെയും ദാക്ഷായണിയുടെയും തിരിച്ചുവരവിന്റെ പ്രതീകമായും രാജശ്രീ പശുവിനെ ഉപയോഗിച്ചിരിക്കുന്നു.

ആഖ്യാതാവിന്റെ കഥാപാത്രം കല്യാണിയുടെയും ദാക്ഷായണിയുടെയും തുടർച്ചയെ കാണിക്കുവാനായി സൃഷ്ടിക്കപ്പെട്ടതാവണം. ആഖ്യാതാവും മന:ശാസ്ത്രജ്ഞനും തമ്മിൽ അവസാനഭാഗത്തു നടത്തുന്ന സംഭാഷണം, സ്ത്രീകളുടെ വ്യക്തിജീവിതത്തിൽ ഇടപെടുമ്പോൾ പൊതുസമൂഹം നടത്തുന്ന സ്ഥിരം സാരോപദേശവിവരണമാണ്. ഇതിനെ മലബാറിലെ ഭാഷയിലെഴുതിയ സംഭാഷണവും വിവരണവും ഉപയോഗിച്ച് അങ്ങേയറ്റം ആക്ഷേപഹാസ്യപരമായാണ് രാജശ്രീ പ്രതിഫലിപ്പിച്ചിരിക്കുന്നത്. അതുവഴി പല സ്റ്റീരിയോടൈപ്പുകളെയും അവർ ഉടച്ചുവാർക്കുന്നു. കഥകളും, ഉപകഥകളും, ഫോക്ലോറും ഇതിഹാസങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങളും എന്നിങ്ങനെ നോവൽ പ്രതിഷ്ടിക്കപ്പെട്ട നാടിന്റെ സാംസ്കാരികസമ്പത്തിനെ എഴുത്തുകാരി നല്ല രീതിയിൽ ചൂഷണം ചെയ്തിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രഹം മുതൽ റിപ്പർ കൊലപാതകങ്ങൾ വരെയുള്ള ചരിത്രസംഭവങ്ങളും വിശ്വസനീയമാംവിധം നോവലിൽ ഉൾപ്പെടുത്താൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. വളരെ അന്തർലീനമായി പരാമർശിച്ച ചില ജാതിചർച്ചകളും നോവലിൽ ഉണ്ടാകുന്നുണ്ട്.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്ന വിലാസത്തോടെയാണ് പാഠപുസ്തകങ്ങളിൽ നമ്മൾ ‘ഇന്ദുലേഖ’ എന്ന നോവലിനെ പരിചയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ‘ഇന്ദുലേഖ’ വായിക്കപ്പെടുന്നതും സമകാലിക നിരൂപകരാലടക്കം പഠിക്കപ്പെടുന്നതും മലയാളനോവൽ ഭാവുകത്വത്തെ നിർണ്ണയിച്ച നോവൽ എന്ന നിലയിലാണ്. ഫെയ്സ്ബുക്കിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ എന്ന വിശേഷണവുമായാണ് ആർ.രാജശ്രീയുടെ ”കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന നോവൽ നമ്മുടെ ശ്രദ്ധയിലേക്ക് കടന്നു വന്നത്. ആഖ്യായികാ ഭാവുകത്വത്തിന്റെ അതിരുകളെ പുനർനിർണ്ണയിക്കുന്ന നോവലാണ് ”കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത”

Most Popular