ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ നിവിന്‍ പോളിക്ക് തിരിച്ചുവരവാകുമോ?

ചെറിയകാലംകൊണ്ട് മലയാള സിനിമയില്‍ സ്റ്റാര്‍ പരിവേഷം കിട്ടിയ നടനാണ് നിവിന്‍ പോളി. 2009ലിറങ്ങിയ മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് വഴി അരങ്ങേറിയ താരം പത്ത് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ തീര്‍ത്തത് ഹിറ്റുകളുടെ ഒരു ചാകരയാണ്. തട്ടത്തിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടി. ഏഴ് വര്‍ഷത്തിനുള്ളില്‍ മറ്റാര്‍ക്കും സ്വപ്നംകാണാനാവാത്തത്ര ഹിറ്റുകള്‍ നേടി നിവിന്‍.

എന്നാല്‍ അത്ര മികച്ചതായിരുന്നില്ല നിവിന്റെ പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍. തമിഴില്‍ അരങ്ങേറ്റം കുറിച്ച റിച്ചിയും റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുമടക്കം തിയേറ്റര്‍ കളക്ഷനില്‍ പുറകോട്ടുപോയി. 2016ന് ശേഷമിറങ്ങിയ വിരലിലെണ്ണാവുന്ന നിവിന്‍ പോളി ചിത്രങ്ങളെ ഹിറ്റായുള്ളൂ. നിവിന്‍ ഏറെ ആഗ്രഹിക്കുന്ന ഒരു തിരിച്ചുവരവിന്റെ രൂപത്തിലാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനില്‍ നിവിന്‍ പോളി എത്തുന്നത് അക്ബര്‍ ഭായ് എന്ന റോളിലാണ്. മലയാളത്തിലും ഹിന്ദിയിലും എത്തുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ഗീതുവും ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപും ചേര്‍ന്നാണ്. ബ്ലാക്ക് ഫ്രൈഡേ, ഗുലാല്‍, ദേവ് ഡി, ഉഡാന്‍, ഗാങ്സ് ഓഫ് വസെയ്പൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ കശ്യപ് ഒരു മലയാള സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാവുന്നത് ഇതാദ്യമായാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും കശ്യപ് പങ്കാളിയാണ്.

ലയേഴ്‌സ് ഡൈസിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിക്ക് പുറമെ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 2017ല്‍ ഷൂട്ടിങ് ആരംഭിച്ച സിനിമ സഹോദരനെ തേടി മുംബൈ നഗരത്തിലെത്തുന്ന ലക്ഷദ്വീപുകാരനായ കുട്ടിയുടെ കഥയാണ് പറയുന്നത്.

മുഴുനീള ചിത്രം ഷൂട്ടിങ് മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടം നേടി. സണ്‍ഡെയ്സിലുംം ടൊറന്റോ ഫിലിം ഫെസ്റ്റിലും പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ പ്രശംസ നേടി. 2016 സണ്‍ഡെയ്സ് ഫിലിം ഫെസ്റ്റില്‍ മികച്ച ചിത്രത്തിലുള്ള അവാര്‍ഡ് സ്വന്തമാക്കി. മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന ചിത്രവും ഈ നിവിന്‍ പോളി ത്രില്ലറായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാജീവ് രവിയാണ്. ബി അജിത് കുമാര്‍ എഡിറ്റ് ചെയ്ത ചിത്രത്തിന് സംഗീതം നല്‍കിയത് സ്നേഹ ഖന്‍വല്‍കറാണ്.