സെയില്‍സ് ഗേളായി മഞ്ജു വാരിയര്‍; നിഗൂഢതകള്‍ നിറഞ്ഞ ട്രെയിലറുമായി ‘പ്രതി പൂവന്‍ കോഴി’

prathi poovan kozhi poster

മഞ്ജു വാരിയര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഏറെ നിഗൂഢതകളാണ് പൂവന്‍ കോഴിയില്‍ പ്രേക്ഷകരെ കാത്തുവച്ചിരിക്കുന്നതെന്നാണ് ഒരു മിനിറ്റ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

‘ഹൗ ഓള്‍ഡ് ആര്‍ യൂ?’ എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമായ ‘പ്രതി പൂവന്‍ കോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഗാനം റിലീസ് ചെയ്തത് നിവിന്‍ പോളിയായിരുന്നു.

മൂന്ന് പൂവന്‍ കോഴികളും മഞ്ജുവുമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു തിരികെവന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയായിരുന്നു. ചിത്രം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇരുവരും വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

വസ്ത്ര വ്യാപാരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് പ്രതി പൂവന്‍ കോഴിയില്‍ മഞ്ജു എത്തുന്നത്. ഉണ്ണി ആറിന്റെ പ്രശസ്തമായ കഥയാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഉണ്ണി ആര്‍ തന്നെയാണ്.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.