വിജയ് നായകനാകുന്ന ‘മാസ്റ്റർ’ എന്ന ചിത്രം ജനുവരി 13ന് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തമിഴ്നാട്ടിലെ തിയേറ്ററുകളിൽ 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവ് വന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെ മാധ്യമപ്രവർത്തകനായ രാധാകൃഷ്ണൻ ആർ.കെയുടെ ട്വീറ്റ് വലിയ ചർച്ചയാവുന്നു.
തിയേറ്ററുകളിൽ 100 ശതമാനം കാണികളെ അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രിയുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തിയെന്നും അഭ്യൂഹമുണ്ട്. അതിന് പിന്നാലെയാണ് ഉത്തരവ് വന്നത്.
വിജയിന്റെ അപേക്ഷ തമിഴ്നാട് മുഖ്യമന്ത്രി അംഗീകരിച്ച സ്ഥിതിയ്ക്ക് ചോദിക്കുന്നു, 100 ശതമാനം ആളുകളുള്ള തിയേറ്ററിൽ നിങ്ങൾ ആരാധകർക്കൊപ്പം സിനിമ കാണുമോ- രാധാകൃഷ്ണൻ ആർ.കെ കുറിച്ചു.
ഒട്ടനവധിയാളുകളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിൽ ചർച്ചകളും കൊഴുക്കുകയാണ്. കേരളത്തിലും തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് നിബന്ധന. ഇത് കേരളത്തിലെ തിയേറ്റർ ഉടമകൾ സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ തിയേറ്ററുകൾ തുറക്കേണ്ടെന്നാണ് ഫിലിം ചേമ്പറിന്റെ തീരുമാനം
ലോകേഷ് കനകരാജാണ് മാസ്റ്റർ സംവിധാനം ചെയ്തത്. എക്സ് ബി ഫിലിംസിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് നിർമ്മാണം. വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.