ഉറക്കംകെടുത്താന്‍ അവന്‍ വരുന്നു; സീരിയല്‍ കില്ലറെ തേടി കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ നായകനായ മിഥുന്‍ മാനുവല്‍ തോമസിന്റെ ക്രൈം ത്രില്ലര്‍ അഞ്ചാം പാതിര വരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ കാഴ്ച്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സസ്‌പെന്‍സുമായാണ് എത്തിയിരിക്കുന്നത്. സീരിയല്‍ കില്ലിങ്ങും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

കണ്‍സള്‍ട്ടന്റ് ക്രിമിനോളജിസ്റ്റായ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ നായികയാകുന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ഭാര്യയും നടിയുമായ ഉണ്ണിമായയാണ്.

ശ്രീനാഥ് ഭാസി, രമ്യാ നമ്പീശന്‍, ഇന്ദ്രന്‍സ്, ജിനു ജോസഫ്, ഷറഫുദ്ധീന്‍, ദിവ്യ ഗോപിനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് നിര്‍മ്മിച്ച ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരാ നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ഛയാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷൈജു ശ്രീധരനാണ്.

2014 ല്‍ ഓം ശാന്തി ഓശാനയിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയില്‍ അരങ്ങേറിയ മിഥുന്‍ മാനുവല്‍ തോമസ് പ്രേക്ഷകര്‍ക്ക് സുപരിചിതനായത് ജയസുര്യ നായകനായെത്തിയ ആട് എന്ന ചിത്രത്തിലൂടെയാണ്. പറവ, വൈറസ്, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത ശേഷമാണ് ഉണ്ണിമായ അഞ്ചാം പാതിരയില്‍ നായികയാകുന്നത്.