Monday, September 27, 2021
Home Special GM Talkies കഥാപാത്രങ്ങള്‍ രണ്ട് ഉറുമ്പുകളും കുഴിയാനയും; ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ്; ഒരു വര്‍ഷത്തിലേറെ എടുത്ത് ചിത്രീകരിച്ച് ആന്റി ഹീറോ...

കഥാപാത്രങ്ങള്‍ രണ്ട് ഉറുമ്പുകളും കുഴിയാനയും; ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ്; ഒരു വര്‍ഷത്തിലേറെ എടുത്ത് ചിത്രീകരിച്ച് ആന്റി ഹീറോ വൈറല്‍

രണ്ട് ഉറുമ്പുകളും കുഴിയാനയും മാത്രം അഭിനയിച്ച ഒരു ത്രില്ലടിപ്പിക്കുന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ആന്റിഹീറോ എന്നാണ് ചിത്രത്തിന്റെ പേര്. പെന്‍ഡുലം ഫിലിംസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ഈ ചിത്രം നിരവധി സെലിബ്രറ്റികളും പങ്കുവച്ചിട്ടുണ്ട്.

6 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. രണ്ട് ഉറുമ്പുകളും ഒരു കുഴിയാനയുമാണ് ചിത്രത്തില്‍ ‘അഭിനയിച്ചിരിക്കുന്നത്’. വിഎഫ്എക്‌സുകളുടെ സഹായമില്ലാതെ റിയലസ്റ്റിക് ആയ മേക്കിംഗ്. മാക്രോ ലെന്‍സ് ഉപയോഗിച്ചാണ് ചിത്രീകരണം. ഒന്നരവര്‍ഷം കൊണ്ടാണ് ഹ്രസ്വചിത്രം പൂര്‍ത്തിയായത്. ഗംഭീരമായ എഡിറ്റിംഗും അതിലും ഗംഭീരമായ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ നിലവാരം വളരെ മികച്ചതാക്കുന്നുണ്ട്.

‘ഒരു വര്‍ഷമെടുത്തു ഷൂട്ട് ചെയ്യാന്‍. കൃത്യമായി പറഞ്ഞാല്‍ 2019 ഏപ്രിലില്‍ ഷൂട്ട് തുടങ്ങി 2020 മെയില്‍ അവസാനിച്ചു. ഒരു ദിവസം ഷൂട്ട് ചെയ്യും, പിന്നെ ഒന്നോ രണ്ടോ ദിവസമോ ഒരു ആഴ്ചയോ ബ്രേക്കെടുക്കും. എന്നിട്ട് വീണ്ടും ഷൂട്ട് ചെയ്യും. അതായിരുന്നു പതിവ്. കഥ നാലഞ്ച് ഭാഗങ്ങളായി തിരിച്ചിരുന്നു. ഉറുമ്പിന്റെ ജീവിതം, വില്ലന്റെ ഇന്‍ട്രോ, ആക്രമണം, മരണം, ഹീറോയുടെ വരവ്. ഈ ഭാഗങ്ങളിലൊക്കെ വ്യത്യസ്ത പശ്ചാത്തല സംഗീതമായിരുന്നു വേണ്ടത്. പക്ഷേ, ആളുകള്‍ ആ ഒഴുക്കില്‍ നിന്ന് പുറത്ത് പോകരുതെന്നുണ്ടായിരുന്നു. അതില്‍ നന്നായി പണിയെടുത്തു. ഔട്ട്‌ഡോര്‍ ഷൂട്ട് നടക്കില്ലെന്ന് ആദ്യമേ മനസ്സിലാക്കി. കാരണം, മഴയും വെയിലുമൊക്കെ മാറുമ്പോള്‍ മണ്ണിന്റെ ടെക്‌സ്ചര്‍ മാറും. അതുകൊണ്ട് മണല്‍ നിറച്ച് ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കി അതിലായിരുന്നു ഷൂട്ട്.”- സിദ്ധു പറഞ്ഞു.

 

ആദ്യം ഒരു ത്രെഡ് എഴുതി. അതില്‍ ഫാന്റസി ഇല്ലായിരുന്നു. കുഴിയാന കുഴി കുഴിച്ച് ഉറുമ്പിനെ പിടിക്കുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷമാണ് ഒരു ഹീറോയെ കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്. അത് എഴുതാന്‍ എളുപ്പമായിരുന്നു. നടത്തിയെടുക്കാനാണ് ബുദ്ധിമുട്ടിയത്. ഉറുമ്പുകള്‍ രണ്ട് രീതിയിലാണ്. ചിലര്‍ ഭക്ഷണം തേടിപ്പോകും, മറ്റ് ചിലര്‍ കൂട് വൃത്തിയാക്കും. ഒരിക്കലും ഇവര്‍ പരസ്പരം ജോലി മാറി ചെയ്യില്ല. അങ്ങനെ ഉറുമ്പുകളുടെ ഈ വിഭാഗം രണ്ടും നിരീക്ഷിച്ച് കണ്ടുപിടിച്ചു. ‘- പിന്നെ സിദ്ധു ചെയ്തത് ചില കണ്‍കെട്ട് വിദ്യയായിരുന്നു. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു സഞ്ചാരം.

മഹാരാജാസ് കോളജിലെ മുന്‍ ബിഎസ്സി ബോട്ടണി വിദ്യാര്‍ത്ഥിയായ സിദ്ധു ദാസാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധുവും ആഷിന്‍ പ്രസാദും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യദു കൃഷ്ണ പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും. വിഷ്ണു വിശ്വനാഥനാണ് എഡിറ്റ്. ആദി ശങ്കറാണ് മിക്‌സിംഗും മാസ്റ്ററിംഗും. വിഷ്ണു വി കളറിംഗ്.

Most Popular