Friday, September 17, 2021
Home Special GM Talkies കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും

കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും. കര്‍ഷകരുടെ ആശങ്ക അകറ്റണമെന്നും കര്‍ഷകര്‍ ഇന്ത്യയിലെ ഭക്ഷ്യ സൈനികരണെന്നും പ്രിയങ്ക പറഞ്ഞു. ‘നമ്മുടെ കൃഷിക്കാര്‍ ഇന്ത്യയിലെ ഭക്ഷ്യ സൈനികരാണ്. അവരുടെ ഭയം ഇല്ലാതാക്കേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റേണ്ടതുണ്ട്. പുരോഗമന ജനാധിപത്യമെന്ന നിലയില്‍, ഈ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്ന് നമ്മള്‍ ഉറപ്പാക്കണം,’ എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഡാനിയല്‍ വെബ്സ്റ്ററിന്റെ ഉദ്ധരണിയും ചേര്‍ത്തായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ‘കൃഷി ആരംഭിക്കുമ്പോള്‍ മറ്റ് കലകള്‍ അതിനെ പിന്തുടരുന്നു. അതിനാല്‍ കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍. ‘ എന്ന് സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.സോനത്തിന്റെ ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

കര്‍ഷക സമരത്തെ പിന്തുണച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ പിന്തുണ പ്രഖ്യാപിച്ചത്. സമരത്തെ പിന്തുണച്ച് ട്വിറ്ററില്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്‌സ്’ എന്ന ഹാഷ്ടാഗാണ് ഹന്‍സല്‍ മെഹ്ത പിന്തുണച്ച് ട്വീറ്റ് ചെയ്തത്.

ഗായകനും നടനുമായ ദില്‍ജിത്ത് ദോസാന്‍ഝ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെ തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കി. ‘എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളതിതാണ്- പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത്. കര്‍ഷകരുടെ പ്രശ്നത്തിനപ്പുറം വലിയ പ്രശ്നങ്ങളൊന്നും നിലവില്‍ ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഇവിടെ രക്തചൊരിച്ചിലില്ല. സത്യങ്ങളെ വളച്ചൊടിക്കുകയാണ്’ എന്ന് അദ്ദേഹം വ്യക്തമാക്കി.

Most Popular