മാരനെയും ബൊമ്മിയെയും ആകാശത്തോളമുള്ള അവരുടെ സ്വപ്നങ്ങളും തിയേറ്റര്‍ അനുഭവത്തെ നഷ്ടമായതിന്റെ നിരാശ സുരരൈ പോട്ര് കണ്ടവരിലേറെയും പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ആസ്വാദനത്തിന്റെ പുത്തന്‍ ശീലങ്ങളിലൂടെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. സിനിമ കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയവരില്‍ ബജറ്റ് എയര്‍ലൈന്‍ എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കിയ എയര്‍ഡക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍.ഗോപിനാഥുമുണ്ട്. ”ഭാവന കൂടി ഇടകലര്‍ന്ന ചിത്രമാണിത്. എങ്കിലും എന്റെ ആത്മകഥയുടെ സത്ത ചോര്‍ന്നുപോകാതെയാണ് ആവിഷ്‌കരണം. ചില രംഗങ്ങളില്‍ ഓര്‍മകള്‍ തിരികെ തന്നു. ചിലപ്പോള്‍ കരച്ചിലും. ചിലപ്പോള്‍ ചിരിയും അടക്കാനായില്ല”, ക്യാപ്റ്റന്‍ ഗോപിനാഥ് ട്വീറ്റ് ചെയ്തു.
തന്റെ ഭാര്യ ഭാര്‍ഗവിയെ സ്‌ക്രീനില്‍ അവതരിപ്പിച്ച മലയാളി താരം അപര്‍ണ ബാലമുരളിയുടെ പ്രകടനത്തെയും ക്യാപ്റ്റന്‍ ഗോപിനാഥ് പ്രശംസിച്ചു. മനോധൈര്യമുള്ള അനുകമ്പയുള്ള, ഭയമില്ലാത്ത എല്ലാ ഗ്രാമീണ സ്ത്രീകള്‍ക്കും, പ്രത്യേകിച്ച് സ്വപ്രയ്തനത്താല്‍ സംരംഭകരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന കഥാപാത്രമാണിതെന്നും അദ്ദേഹം കുറിച്ചു. പുരുഷകേന്ദ്രീകൃതമായ ഒരു കഥയില്‍ അപര്‍ണ ചെയ്ത കഥാപാത്രത്തിന് പ്രധാന്യം കൊടുത്ത സംവിധായികയുടെ മികവിനെയും അദ്ദേഹം പ്രശംസിച്ചു.