2003ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത CID മൂസ 17 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രേക്ഷകരിലേക്ക് ആനിമേഷന്‍ ചിത്രമായി വീണ്ടുമെത്തുന്നു. ലോക ആനിമേഷന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ പ്രോമോ വീഡിയോ ദിലീപ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. ദിലീപിന്റെ ശബ്ദത്തില്‍ തന്നെയാകും മൂസ ആനിമേഷനില്‍ എത്തുക. സിനിമയിലെ തന്നെ കഥാപാത്രങ്ങളെയാകും ആനിമേഷന്‍ ചിത്രത്തിലും പുനരാവിഷ്കരിക്കുക. എന്നാല്‍, കഥ മറ്റൊന്നാകും. BMD പ്രൊഡക്ഷന്‍സും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച CID മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ദിലീപ്, ഭാവന എന്നിവര്‍ക്ക് പുറമെ കൊച്ചിന് ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്, മുരളി, ഹരിശ്രീ അശോകന്, സലിം കുമാര്‍, ക്യാപ്റ്റന്‍ രാജു, സുകുമാരി, ബിന്ദു പണിക്കര്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.